
കോട്ടയം : അവഗണനയും, വനനിയമ ഭേദഗതിയും ഉൾപ്പെടെ ചൂണ്ടിക്കാട്ടി മുന്നണി വിടണമെന്ന ആവശ്യം ശക്തമാകുമ്പോഴും തീരുമാനമെടുക്കാനാവാതെ കേരള കോൺഗ്രസ് (എം) നേതൃത്വം. യു.ഡി.എഫ് വാതിലുകൾ തുറന്നിട്ടിട്ടും പാർട്ടിയിലെ ഭിന്നാഭിപ്രായമാണ് ആശയക്കുഴപ്പത്തിലാക്കുന്നത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷംപാർട്ടി യോഗങ്ങളിലെ വിമർശനങ്ങളുടെ മുനയൊടിച്ച് ജോസ് കെ.മാണി രംഗത്തെത്തിയിരുന്നെങ്കിലും മുനമ്പം വിഷയവും പിന്നാലെയുള്ള വനനിയമ ഭേദഗതിയും അണികളുടെ വികാരം എതിരാക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നു. കേരള കോൺഗ്രസിന്റെ അടിത്തറയായ കത്തോലിക്കാ സഭ സർക്കാരുമായി ഇടഞ്ഞതാണ് പ്രധാന തലവേദന. സഭാനേതൃത്വം ജോസ് കെ.മാണിയേയും, മന്ത്രി റോഷി അഗസ്റ്റിനേയും നേരിട്ടാണ് എതിർപ്പ് അറിയിച്ചത്. ജോസ് കെ. മാണി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ഉറപ്പ് വാങ്ങിയെങ്കിലും സഭ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. അണികളും ഇതിൽ അണിചേരും. ഇതുണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്നതാണ് വിലയിരുത്തൽ. മറ്റ് സമുദായ സംഘടനകളും അകലുന്നെന്ന ഭയവുമുണ്ട്. മന്നം ജയന്തി സമ്മേളന വേദിയിൽ രമേശ് ചെന്നിത്തലയ്ക്കൊപ്പം ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ് എം.പിക്കും ക്ഷണമുണ്ട്.
വീണ്ടും പിളരുമോ ?
യു.ഡി.എഫിനൊപ്പമായിരുന്നപ്പോഴുള്ള പരിഗണന ഇപ്പോൾ കിട്ടുന്നില്ലെന്ന പരാതി രണ്ടാംനിര നേതാക്കൾക്കുണ്ട്. തദ്ദേശ സീറ്റിൽ യു.ഡി.എഫിലേത് പോലെ വിലപേശൽ സാദ്ധ്യമല്ലെന്നാണ് പരിഭവം. റബർ വില സംബന്ധിച്ച പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാത്തതും വിമർശമുണ്ടാക്കുന്നു. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ ഉന്നത നേതാക്കൾ വിഷയങ്ങൾ ചർച്ച ചെയ്തെങ്കിലും ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞില്ല. മുന്നണി വിടുകയാണെങ്കിൽ ഇപ്പോൾ വേണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ വേണ്ടെന്ന നിലപാട് ചില എം.എൽ.എമാർ എടുത്തു. ഇതോടെ പിളർപ്പിലേയ്ക്ക് പോകുമോയെന്നതാണ് ആശങ്ക.