
കോട്ടയം : ചെലവ് കൂടി വരുമാനം കുറഞ്ഞതോടെ റബർ, നെൽകർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് 2024ലെ കാർഷിക കോട്ടയത്തിന് പറയാനുള്ളത്. വേനലും പ്രളയവും പച്ചക്കറി കർഷകരുടെയും നടുവൊടിച്ചതോടെ കാർഷിക മേഖലയിൽ തിരിച്ചടിയുടെ വർഷമാണ് കടന്നുപോകുന്നത്. പ്രധാന നാണ്യവിളയായ റബർ കിലോയ്ക്ക് 250 എന്ന റെക്കാഡ് വില മറികടന്ന ശേഷം 180ലേക്ക് നിലംപൊത്തി. ഷീറ്റ് വില 200 രൂപയിൽ എത്താതെ ചരക്ക് വിൽക്കില്ലെന്ന കടുത്ത നിലപാടിൽ കർഷകർ സംഘടിതമായി ഷീറ്റ് വിൽക്കാതെ നിന്നപ്പോൾ ടയർ ലോബി വിപണിയിൽ നിന്നു വിട്ടു നിന്നു കളിച്ചു. 199 രൂപ വരെ ഉയർന്ന റബർ വില 180ൽ എത്തിക്കാനായി. സംസ്ഥാന സർക്കാർ താങ്ങുവില 200 ആയി ഉയർത്തിയാൽ വ്യവസായികളും വില ഉയർത്താൻ നിർബന്ധിതരാകും. കേന്ദ്ര സർക്കാർ സഹായിച്ചാൽ താങ്ങുവില ഉയർത്താമെന്ന ന്യായമാണ് സംസ്ഥാനത്തിന്റേത്. കർഷകരെ സഹായിക്കേണ്ട റബർബോർഡാകട്ടെ കാഴ്ചക്കാരുടെ റോളിലാണ്.
നെൽകർഷകർക്ക് നഷ്ടക്കണക്ക്
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിയുന്ന നെൽകർഷകർക്കും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം. കൃഷിചെലവിലെ വർദ്ധന, ഗുണനിലവാരമില്ലാത്ത വിത്ത്, രോഗ ബാധ, കൊയ്തു യന്ത്ര ക്ഷാമം, ഓരുവെള്ള ഭീഷണി, സംഭരണം തുടങ്ങി പ്രശ്നങ്ങൾ അനവധി. ആദ്യ കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ പണം രണ്ടാം കൃഷി കൊയ്ത്ത് പൂർത്തിയായിട്ടും കിട്ടാനുള്ളവരുണ്ട്. ബാങ്കുവായ്പ തിരിച്ചടയ്ക്കാനാവാതെ ജപ്തി ഭീഷണി നേരിടുന്നവരും വർദ്ധിക്കുന്നു. കേന്ദ്ര സർക്കാർ നെല്ലു താങ്ങുവില ഉയർത്തിയിട്ടും സംസ്ഥാനം വില ഉയർത്താതെ കർഷകരെ പിഴിയുകയാണ്. കൃഷി നാശത്തിന്റെ നഷ്ടപരിഹാരവുമില്ല.