
കോട്ടയം : ശബരിമല മണ്ഡല തീർത്ഥാടന കാലം അവസാനിക്കുമ്പോൾ വരുമാനത്തിൽ കോളടിച്ച് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ. 41 ദിവസത്തെ സർവീസിൽ കഴിഞ്ഞ വർഷത്തേക്കാൾ 35 ലക്ഷം രൂപ അധികം നേടി. കഴിഞ്ഞ വർഷം 2.27 കോടി രൂപയായിരുന്നു വരുമാനം. ഇക്കുറി അത് 3.06 കോടിയായി വർദ്ധിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷൻ വഴിയാണ് ഏറ്റവും അധികം തീർത്ഥാടകർ എത്തിയത്. ഇവർക്കായി എല്ലാ സമയവും രണ്ടു ബസുകൾ റെയിൽവേ സ്‌റ്റേഷനിലുണ്ടായിരുന്നു. 45 ബസുകളാണ് അനുവദിച്ചിരുന്നത്. 39 ബസുകളാണ് പതിവായി സർവീസ് നടത്തിയത്. എരുമേലിക്ക് മൂന്ന് ഓർഡിനറി സർവീസ് അധികമായി നടത്തി. റെയിൽവേ സ്‌റ്റേഷനിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലുമായി രണ്ട് പ്രത്യേക കൗണ്ടറുകളിലായിരുന്നു പ്രവർത്തനം. 20 ദിവസമായിരുന്നു ജീവനക്കാർക്ക് ഡ്യൂട്ടി.
ജീവനക്കാരുടെ കുറവ് വലച്ചു
ജീവനക്കാരുടെ കുറവ് വലച്ചെങ്കിലും പരാതികൾ ഒഴിവാക്കി സർവീസ് നടത്താനായത് നേട്ടമായി. കോട്ടയം, പാലാ ഡിപ്പോയിൽനിന്നാണ് ഏറ്റവുമധികം ബസുകൾ ആറു വീതം. ചങ്ങനാശ്ശേരി 3, ഈരാറ്റുപേട്ട, മാനന്തവാടി, പെരിന്തൽമണ്ണ, പിറവം, തൊട്ടിൽപാലം, ബത്തേരി എന്നിവിടങ്ങളിൽനിന്ന് 2 വീതം, കുളത്തൂപ്പുഴ, കോതമംഗലം, കണ്ണൂർ, മണ്ണാർക്കാട്, മാനന്തവാടി, നെടുങ്കണ്ടം, പെരുമ്പാവൂർ, പൊൻകുന്നം, പയ്യന്നൂർ, പൊന്നാനി, തൊടുപുഴ, വൈക്കം ഡിപ്പോകളിൽ നിന്ന് ഒന്നു വീതം ബസുകളുമാണ് എത്തിച്ചത്.
41 ദിവസം : 35 ലക്ഷം അധിക വരുമാനം