
കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും 20 രൂപയാണ് വർദ്ധിച്ചത്. നാടൻ പയറും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. വെളുത്തുള്ളിയ്ക്ക് 380 ഉം, മുരിങ്ങയ്ക്ക് 260 - 300 രൂപയുമാണ് വില. തേങ്ങയ്ക്ക് 70 രൂപയും. സവാളയ്ക്ക് 50 രൂപയുമാണ്. പച്ചക്കപ്പ വിലയും താഴാതെ നിൽക്കുകയാണ്. 30 - 40 രൂപ. നാടൻ ഇഞ്ചി വരുന്ന ആഴ്ചകളിൽ വിപണിയിൽ എത്തുന്നതോടെ വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. നാടൻ പാവയ്ക്കയും, പയറും 100 രൂപയ്ക്കാണ് പലയിടങ്ങളിലും വിൽക്കുന്നത്. കൂർക്കയ്ക്കും 100 രൂപയാണ് വില. 15 രൂപയിൽ വിറ്റിരുന്ന കറിക്കായക്ക് 40 ആയി. ബീൻസിന് 120.
ചതിച്ചത് തമിഴ്‌നാട്ടിലെ മഴ
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ ജില്ലയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇവിടങ്ങളിലെ പ്രതികൂല കാലാവസ്ഥയും പച്ചക്കറി ഉത്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നത്. പച്ചക്കറിവരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില ഇരട്ടിയായി. തുടർച്ചയായി പെയ്ത മഴയിൽ നാടൻ പച്ചക്കറികളും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. ക്രിസ്മസ് നോമ്പുകാലവും , ശബരിമല സീസണുമായതിനാൽ പച്ചക്കറിയ്ക്കായിരുന്നു ഏറെ ഡിമാൻഡ്.
വില ഇങ്ങനെ
ക്യാരറ്റ്,മുളക് ഉള്ളി : 80
ചേന, ചേമ്പ് : 80
കോളിഫ്ലവർ : 70
കോവയ്ക്ക : 70
വെണ്ടയ്ക്ക, തക്കാളി : 60
ക്യാബേജ്, പടവലം : 60
കത്രിക്ക : 34
വെള്ളരിക്ക : 40
പച്ചതക്കാളി : 48
വെജിറ്റേറിയൻ ഉൗണിന് ഡിമാൻഡ്
ഒന്നരമാസമായി വെജിറ്റേറിയൻ ഹോട്ടലുകളിൽ അയ്യപ്പഭക്തരുടെ തിരക്കായിരുന്നു. ഊണിനായിരുന്നു ഡിമാൻഡെന്ന് ഹോട്ടലുടമകൾ പറയുന്നു. എന്നാൽ സർക്കാർ നിശ്ചയിച്ച വിലയിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നതെന്ന് പ്രായോഗികമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
വില കൂടിയതോടെ പലരും പച്ചക്കറി വാങ്ങുന്നത് ഒഴിവാക്കി. കാലാവസ്ഥ മാറ്റം നാടൻപച്ചക്കറികളെയും ബാധിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടി വേണം.
-ബിനോയ്, കോട്ടയം