
അടിമാലി: അറ്റകുറ്റപണികൾക്കായി കല്ലാർകുട്ടി ഡാമിലെ വെള്ളം വറ്റിച്ചു. തകരാറിലായ സ്ളൂയിസ് വാൽവ് തുറന്ന് പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതിന് മുമ്പ് 2009ലാണ് സ്ളൂയിസ് വാൽവ് പൂർണമായി തുറന്നത്. തകരാറിലായ റാക് ട്രാഷ് മാറ്റി സ്ഥാപിക്കാനാണ്. 11 ദിവസത്തേക്കാണ് ഡാം തുറന്നിടുക. ജനുവരി ആറിന് പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സമയം നേര്യമംഗലം പവർ ഹൗസിന്റെ പ്രവർത്തനം പൂർണമായി നിറുത്തിവയ്ക്കും. പന്നിയാർ, ചെങ്കുളം പവർ ഹൗസ് ഹൗസുകളുടെയും പ്രവർത്തനം വെള്ളമൊഴുക്ക് നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി നിർത്തിവെച്ചു. 85 മെഗാവാട്ട് വൈദ്യുതിയാണ് നേര്യമംഗലത്തെ ഉത്പാദന ശേഷി. ചെങ്കുളം, പന്നിയാർ നിലയങ്ങളിലെ വൈദ്യുതി ഉത്പാദനത്തിന് ശേഷം വരുന്ന വെള്ളമാണ് കല്ലാർകുട്ടി അണക്കെട്ടിൽ എത്തുക. 2009ൽ തുറന്ന് ടണൽ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ സമയം ഡാമിൽ അടിഞ്ഞിരുന്ന വൻ മണൽ ശേഖരം മുതിരപ്പുഴയാറും പെരിയാറും നിറച്ചിരുന്നു. ഇത് ലോവർ പെരിയാർ നിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. 2018ൽ മഹാ പ്രളയവും ഈ വൈദ്യുതി നിലയങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.