
ചങ്ങനാശേരി : റോഡ് ആധുനികരീതിയിൽ നവീകരിച്ചു. യാത്രയും ഉഷാറായി. പക്ഷേ, സന്ധ്യ മയങ്ങിയാൽ ഇരുട്ടിൽ മുങ്ങും. ആശ്രയം വാഹനങ്ങളുടെ വെളിച്ചം മാത്രം. ചങ്ങനാശേരി - ആലപ്പുഴ എ.സി റോഡിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. ഒപ്പം അപകടഭീഷണിയും. മിനുങ്ങിക്കിടക്കുന്ന റോഡിലൂടെ അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇരുട്ടും, എതിരെ വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാത്തതുമാണ് ഡ്രൈവർമാരെ ഭയപ്പെടുത്തുന്നത്. കണ്ണിലേക്ക് തുളച്ചുകയറുന്ന ഹൈഡ് ലൈറ്റുകളാണ് ഭൂരിഭാഗം വാഹനങ്ങളിലും. പെരുന്ന മുതൽ പള്ളിക്കൂട്ടുമ്മ വരെ ഏതാനും വഴിവിളക്കുകളുണ്ടെങ്കിലും തെളിയാറില്ല. രാത്രി 9 വരെ കടകളിൽ നിന്നുള്ള വെളിച്ചം ഏറെ ആശ്വാസമാണ്.
കിടങ്ങറ വലിയ പാലത്തിലെ കുഴികളും അപകടക്കെണിയാണ്.
മാമ്പുഴകരി ബിവറേജ് മദ്യവില്പനശാല ഭാഗത്ത് വാഹന തിരക്ക് വർദ്ധിക്കുന്നതിനാൽ പൊലീസ് സംവിധാനം ഏർപ്പെടുത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നടപ്പാതയിൽ നടത്തിക്കില്ല
നടപ്പാതകൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ട ഗതികേടാണ്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാതയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്നാണ് ആവശ്യം.
കോട്ടയത്ത് ടോർച്ച് തന്നെ ശരണം
കോട്ടയം നഗരമദ്ധ്യത്തിൽ ലോഗോസ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വഴിവിളക്കുകൾ തെളിയുന്നില്ല. ശാസ്ത്രി റോഡിൽ മദ്ധ്യഭാഗത്ത് ഡിവൈഡറുകളിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തെളിയാറില്ല. കോടിമത നാലുവരിപ്പാതയിലെ സോളാർ ലൈറ്റുകളിലെ ബാറ്ററി മോഷണം പോയി. തുണൂകളും, ബോക്‌സും തുരുമ്പെടുത്ത നിലയിലാണ്. പുളിമൂട് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, കളക്ടറേറ്റിന് പിൻവശം, മറ്റ് ഇടറോഡുകൾ എന്നിവിടങ്ങളെല്ലാം ഇരുട്ടിലാണ്. രാത്രികാലങ്ങളിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടമാണ്. ഭീതിയോടെയാണ് സ്ത്രീകൾ ഉൾപ്പെടെ നടന്നുപോകുന്നത്.
''ആലപ്പുഴ -ചങ്ങനാശേരി റോഡിൽ അടിയന്തിരമായി വഴിലൈറ്റുകളും പെരുന്ന ജംഗ്ഷൻ മുതൽ പള്ളിക്കൂട്ടുമ്മ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളും സ്ഥാപിക്കണം.
-(കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി)