
കോട്ടയം : പുതുവർഷം ലക്ഷ്യംവച്ച് ജില്ലയിലേയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നു. മലേഷ്യയും തായ്ലൻഡും വഴി കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാൻ പ്രത്യേക സംഘമുണ്ട്. ആവശ്യക്കാരേറെയും
രാസലഹരി ഉപയോഗിക്കുന്നവർ. മാരക രാസവസ്തുക്കളിൽ നാലോ ആറോ മാസം കഞ്ചാവ് ഇട്ടുവച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് നിർമ്മിക്കുന്നത്. തുടർന്ന് ഇത് ഉണക്കിയെടുക്കും. ശേഷം ഒരുഗ്രാം വീതമുള്ള ഉരുളകളാക്കിയാണ് വില്പന. അന്താരാഷ്ട്ര പോസ്റ്റ് ഓഫീസ് വഴിയും വിമാനമാർഗവുമെന്നാണ് കണ്ടെത്തൽ. പതിവ് ലഹരി കച്ചവടക്കാർ തന്നെയാണ് ഹൈബ്രിഡ് കഞ്ചാവ് വില്പനയുടെ പിന്നിലും. വിലയും ലാഭവും ലഹരിയും കൂടുതലാണെന്നതാണ് കച്ചവടക്കാർക്ക് പ്രിയമാകുന്നത്.
നിയമത്തിലെ പഴുത് മുതലെടുത്ത്
രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് അരക്കോടി രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്. ഹൈബ്രിഡ് കഞ്ചാവിൽ സിന്തറ്റിക് രാസപദാർത്ഥം കലർന്നിട്ടുണ്ടെങ്കിലും ഒരു കിലോയ്ക്ക് മുകളിൽ കൈവശംവച്ചാൽ മാത്രമേ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാനാകൂ. അതിനാൽ ഇതിനെ സിന്തറ്റിക് മയക്കുമരുന്നിന്റെ ഗണത്തിൽപ്പെടുത്തണമെന്നാണ് ആവശ്യം. സമൂഹമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തിയാണ് വിപണനമെന്നാണ് കണ്ടെത്തൽ.
ഗുരുതര പ്രത്യാഘാതം
സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മരണത്തിനിടയാക്കും
ഓർമ്മ നഷ്ടപ്പെട്ട് തളർന്നുവീഴുന്ന അവസ്ഥയുണ്ടാകും
ഉപയോഗിച്ചു നോക്കി പിന്നീട് വിലയ്ക്കുവാങ്ങാൻ സൗകര്യം
3 മാസം, പിടികൂടിയത് 23.69 കിലോ
ജില്ലയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിട്ടില്ലെങ്കിലും മൂന്ന് മാസത്തിനിടെ എക്‌സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒരു കഞ്ചാവ് ചെടി, 52 ഗ്രാം ഹെറോയിൻ,
200 ഗ്രാം ബ്രൗൺ ഷുഗർ, 15 ഗ്രാം ഹാഷിഷ് ഓയിൽ, 517 മില്ലിഗ്രാം എം.ഡി.എം.എ , 5.71 ഗ്രാം മെത്താംഫിറ്റമിൻ
എന്നിവ പിടിച്ചെടുത്തു. വിവിധ കേസുകളിലായി 807 പേരെ അറസ്റ്റ് ചെയ്തു.
കൺട്രോൾ റൂം തുറന്നു
ജില്ലാ കൺട്രോൾ റൂം: 0481 2562211
കോട്ടയം താലൂക്ക്: 0481 2583091
ചങ്ങനാശ്ശേരി താലൂക്ക്: 0481 2422741
വൈക്കം താലൂക്ക്: 04829 231592
കാഞ്ഞിരപ്പള്ളി താലൂക്ക്: 04828 221412
മീനച്ചിൽ താലൂക്ക്: 04822 212235