black-pepper

വൻകിട ലോബികളുടെ ഇടപെടൽ വിനയായി

കോട്ടയം: ഉത്പാദനത്തിലെ ഇടിവ് ശക്തമാകുമ്പോഴും റബർ വില താഴേക്ക് നീങ്ങുന്നു. വൻകിട വൃവസായികൾ വിപണിയിൽ നിന്ന് വിട്ടുനിന്നതോടെ ഒരു മാസത്തിനിടെ റബർ കിലോയ്ക്ക് 19 രൂപയുടെ ഇടിവുണ്ടായി. ഷീറ്റ് വില ആഴ്ചകളായി 180 രൂപയിൽ തുടരുകയാണ്. രാജ്യാന്തര വിലയിലെ ഇടിവ് കണക്കിലെടുത്താണ് ടയർ കമ്പനികൾ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

കിലോയ്‌ക്ക് 200 രൂപ എത്തുന്നതുവരെ ഷീറ്റ് വിൽക്കരുതെന്ന ഉത്പാദക സംഘങ്ങളുടെ ആഹ്വാനത്തിനൊപ്പം കർഷകർ നിന്നെങ്കിലും ടയർ കമ്പനികൾ ചരക്ക് വാങ്ങാത്തതിനാൽ വില കൂടിയില്ല.

ചൈന ,ടോക്കിയോ ,ബാങ്കോക്ക് വിലയും താഴേക്ക് നീങ്ങി. മഴ മാറിയതോടെ ടാപ്പിംഗ് പുനരാരംഭിച്ചതിനാൽ ചരക്ക് കൂടുതലായെത്തിയാൽ വില ഇനിയും കുറഞ്ഞേക്കും.

ആഗോള വിപണിയിൽ ഇടിവ്

ചൈന വില 213ൽ നിന്ന് 203രൂപയിലേക്ക് കൂപ്പുകുത്തി

ടോക്കിയോ 207ൽ നിന്ന് 206 രൂപയായി

ബാങ്കോക്ക് 210ൽ നിന്ന് 201 രൂപയിലേക്കും താഴ്ന്നു

ഇറക്കുമതി കുരുമുളകിന് വിനയാകുന്നു

ഇറക്കുമതി കുരുമുളക് വ്യാപകമായി എത്തിയതോടെ ആഭ്യന്തര വില കിലോയ്‌ക്ക് ഒൻപത് രൂപ കുറഞ്ഞു. 32,500 ടൺ കുരുമുളകാണ് മൂല്യവർദ്ധനയ്‌ക്കായി ഇറക്കുമതി നടത്തി ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

കാലാവസ്ഥ വ്യതിയാനത്താൽ അടുത്ത വിളവെടുപ്പിൽ സംസ്ഥാനത്ത് ഉത്പാദനം കുറയുമെന്നാണ് കർഷകരുടെ പ്രതീക്ഷ . അതിനാൽ വില കൂടുമെന്നും വിലയിരുത്തുന്നു. ഇന്ത്യയുടെ കയറ്റുമതി നിരക്ക് ടണ്ണിന് 125 ഡോളർ കുറഞ്ഞു . ശ്രീലങ്ക 6800 ഡോളർ , വിയറ്റ്നാം 6850 , ബ്രസീൽ 6900 ,ഇന്തോനേഷ്യ 7200 എന്നിങ്ങനെയാണ് വില.