ploice

കോട്ടയം : പുതുവർഷാഘോഷം അതിരുകടക്കരുതെന്ന നിർദ്ദേശവുമായി പൊലീസ്. നാളെ രാവിലെ മുതൽ പരിശോധന കർശനമാക്കും. രാത്രിയിൽ ഇടറോഡുകളിലടക്കം പൊലീസ് സാന്നിദ്ധ്യമുണ്ടാകും. ലഹരി ഉപയോഗം തടയാനും പ്രത്യേക സംഘത്തെ നിയോഗിച്ചുണ്ട്. അഞ്ച് ഡിവൈ.എസ്.പിമാർ മേൽനോട്ടം വഹിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ സ്റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകളുണ്ട്. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ബാറുകളിലും മറ്റ് മദ്യവില്പനശാലകളിലും സമയപരിധിക്കുശേഷമുള്ള മദ്യവില്പന അനുവദിക്കില്ല. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്സ് മദ്യ വില്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക ടീമുണ്ടാകും. പ്രത്യേക മേഖലകളാക്കി തിരിച്ച് കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പട്രോളിംഗ് നടത്തും.

അതിർത്തിയിൽ പരിശോധന

ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ വാഹനങ്ങളും നിരീക്ഷിക്കുന്നതിന് ജില്ലാ അതിർത്തിയിൽ പരിശോധന ശക്തമാക്കി. സ്റ്റേഷനുകളിൽ അത്യാവശ്യം വേണ്ട പൊലീസുകാർ ഒഴികെയുള്ളവർ റോഡിലുണ്ടാവും.

പുതുവർഷ രാത്രിയിലെ വാഹനാപകടങ്ങൾ കൂടുന്നതിന്റെ ഭാഗമായാണ് വനിതാപൊലീസ്, ഷാഡോ പൊലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവരെ ഏകോപിപ്പിച്ചുള്ള കർശന പരിശോധന. ആഘോഷത്തിനിടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും മറ്റും പ്രശ്‌നക്കാരുടെ ലിസ്റ്റും ശേഖരിച്ചിട്ടുണ്ട്. ന്യൂഇയർ, ഡി.ജെപാർട്ടികൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും

 ഹൗസ് ബോട്ടിലും നിയന്ത്രണം
ഹൗസ് ബോട്ടുകളിൽ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ കർശനമായി നൽകണമെന്ന് രേഖാമൂലം നിർദ്ദേശമുണ്ട്. ബോട്ടുകളിലെ മദ്യപാനം ഒഴിവാക്കണം. മദ്യശാലകൾ കൃത്യ സമയത്ത് അടയ്ക്കണം. കുമരകം, ഈരാറ്റുപേട്ട, വാഗമൺ, ഇല്ലിക്കൽക്കല്ല് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പൊലീസ് സാന്നിദ്ധ്യമുണ്ടാകും.

''കാപ്പാ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും ക്രിമിനൽപശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കാൻ പ്രത്യേകം സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ആഘോഷങ്ങൾക്കിടയിൽ ശല്യമുണ്ടാക്കുന്നവരെ പിടികൂടാൻ മഫ്തി പൊലീസുണ്ടാവും'' ഷാഹുൽ ഹമീദ്, ജില്ലാ പൊലീസ് മേധാവി