cpm

കോട്ടയം : ജനുവരി 2 മുതൽ 5 വരെ പാമ്പാടിയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങളായി. ആദ്യമായാണ് പാമ്പാടി ജില്ലാ സമ്മേളന വേദിയാകുന്നത്. മൂന്നിന് രാവിലെ 10 ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, കെ.രാധാകൃഷ്ണൻ, കെ.കെ. ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി വി.എൻ.വാസവൻ, ടി.പി.രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ, പി.കെ.ബിജു തുടങ്ങിയവർ മുഴുവൻ സമയ സമ്മേളന പങ്കാളികളാകും. അഞ്ചിന് വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1761 ബ്രാഞ്ചുകളിലും 124 ലോക്കൽ കമ്മിറ്റികളിലും 12 ഏരിയാ കമ്മിറ്റികളിലും സമ്മേളനം പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. ചങ്ങനാശേരിയിൽ ഉൾപ്പെടെ ഏതാനും സ്ഥലങ്ങളിൽ നേരിയ മത്സരങ്ങളുണ്ടായതൊഴിച്ചാൽ വിഭാഗീയതയില്ലാതെയാണ് ജില്ലാ സമ്മേളനം. പക്ഷേ, ബ്രാഞ്ച് സമ്മേളനം മുതലുണ്ടായ വിമർശനങ്ങളുടെ ശക്തി ജില്ലാ സമ്മേളനത്തിലും വർദ്ധിക്കും.

റസൽ സെക്രട്ടറിയായി തുടരും
ജില്ലാ സെക്രട്ടറിയായി എ.വി റസൽ തുടരും. 2022 ജനുവരിയിൽ കോട്ടയം സമ്മേളനത്തിലാണ് റസൽ സെക്രട്ടറിയാകുന്നത്. 38 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്ന് കെ.അരുണൻ, എം.പി. ജയപ്രകാശ്, സി.ജെ. ജോസഫ്, ബി. ആനന്ദക്കുട്ടൻ എന്നിവരും സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറും ഒഴിവാകും. ഒഴിവാക്കണമെന്ന് കെ.സുരേഷ് കുറുപ്പും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുടരണമെന്നാണ് നേതൃത്വത്തിന്റെ താത്പര്യം. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. സുരേഷ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷീജ അനിൽ, ഏരിയാ സെക്രട്ടറിമാരായ ബി. ശശികുമാർ, കെ. ജയകൃഷ്ണൻ, പി. ശശിധരൻ, സുഭാഷ് പി.വർഗീസ് എന്നിവരും ജില്ലാ കമ്മിറ്റിയിൽ എത്തിയേക്കും.

സർക്കാർ വിമർശനമുയർപ്പ്

സർക്കാരിന്റെ പ്രവർത്തനം, ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയം, കേരള കോൺഗ്രസ് എമ്മുമായുള്ള ഭിന്നത എന്നിവ ചർച്ചയാകും. നവകേരളസദസ് പാലായിലെത്തിയപ്പോൾ തോമസ് ചാഴികാടനെ മുഖ്യമന്ത്രി ശാസിച്ചത് ബ്രാഞ്ച് തലം മുതൽ ചർച്ചയായിരുന്നു. കേരള കോൺഗ്രസ് -സി.പി.ഐ തർക്കങ്ങളിൽ പാർട്ടി എപ്പോഴും കേരള കോൺഗ്രസിനൊപ്പം നിൽക്കുന്നുവെന്ന വികാരം മുന്നണിയെ ദുർബലപ്പെടുത്തുമെന്ന വാദവും ഉയരും.