trafic

വികസന പദ്ധതികൾ രാഷ്ട്രീയമത്സരത്തിന്റെ പേരിൽ മരവിപ്പിച്ച് നിറുത്തുമ്പോൾ കോട്ടയം നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. എം.സി റോഡിൽ നാട്ടകത്ത് നിന്ന് തുടങ്ങുന്ന കുരുക്ക് കോട്ടയം ടൗൺ പിന്നിട്ട് നാഗമ്പടം വരെ നീളും. 5 കിലോമീറ്ററിൽ താഴെയുള്ള ദൂരം പിന്നിടാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ട ഗതികേടിലാണ് വാഹനയാത്രക്കാർ. വി.എൻ.വാസവൻ കോട്ടയം എം.എൽ.എയായിരുന്നപ്പോൾ കുരുക്കിന് പരിഹാരമായി നാഗമ്പടത്ത് നിന്ന് കോടിമതയിലേക്ക് ഫ്ലൈ ഓവർ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. സംസ്ഥാന ബഡ്ജറ്റിൽ ഇതിന് ഫണ്ടും അനുവദിച്ചു. പ്രാരംഭ നടപടികൾ ആയതോടെ സ്ഥലം നഷ്ടപ്പെടുന്ന വികസനവിരോധികളായ ചിലർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് രംഗത്തെത്തി. പിന്തുണയുമായി പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് നേതാക്കൾ ചേർന്നതോടെ പദ്ധതി തടസപ്പെട്ടു. അടുത്ത തവണ യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ ഫ്ലൈഓവറും മുടങ്ങി. പകരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കൊണ്ടുവന്ന ആകാശപാത എങ്ങുമെത്താതെ നിൽക്കുകയാണ്. ഇടതുഭരണത്തിൽ തിരിച്ചു പണികൊടുത്തെന്നാണ് ആക്ഷേപം. തുരുമ്പെടുത്ത് നിൽക്കുന്ന ആകാശപാത പെളിക്കണോ വേണ്ടയോ എന്ന് ഹൈക്കോടതി തീരുമാനിക്കേണ്ട അവസ്ഥയിൽ കാര്യങ്ങളെത്തി. 'ദീപസ്തംഭം മഹാശ്ചൈര്യമെന്ന് ....ചിന്തിച്ചു ജനത്തെ കഴുതകളായി കാണുന്നവർക്ക് നാട്ടുകാരുടെ ബുദ്ധിമുട്ട് വല്യകാര്യമല്ലാതായിരിക്കാം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിലുണ്ടെന്ന കാര്യം മറക്കാതിരുന്നാൽ നല്ലതെന്നാണ് ചുറ്റുവട്ടത്തിന് ഓർമ്മിപ്പിക്കാനുള്ളത്.

പരിഹാരം ഈരയിൽക്കടവ് - ചിങ്ങവനം ബൈപ്പാസ്

ഈരയിൽക്കടവ് ബൈപ്പാസ് കാക്കൂർ വഴി ചിങ്ങവനത്തേക്ക് നീട്ടാനുള്ള പദ്ധതി എം.സി റോഡിൽ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് തിരുവഞ്ചൂർ പറയുന്നു. 850 മീറ്റർ കൂടി സ്ഥലമെടുപ്പ് കൂടി പൂർത്തിയായാൽ മതി. രണ്ടു വർഷമായി സംസ്ഥാന ബഡ്ജറ്റിൽ കയറുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി രാഷ്ട്രീയത്തിന്റെ പേരിൽ മുടക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം. മണിപ്പുഴയിൽ പുതിയ മാൾ വന്നതിനൊപ്പം ഈ ബൈപ്പാസ് റോഡ് കൂടി പൂർത്തിയായിരുന്നെങ്കിൽ ജനത്തിന് ആശ്വാസമാകുമായിരുന്നു.

വീട്ടിലെത്താൻ പെടാപ്പാട്

അഴിയാക്കുരുക്കിൽ യാത്രക്കാർ വട്ടംചുറ്റുമ്പോൾ ജനപ്രതിനിധികൾ കാഴ്ചക്കാരുടെ റോളിലാണ്. പൊലീസാകട്ടെ കുരുക്ക് അഴിക്കാനുള്ള പ്രായോഗിക നടപടികളും സ്വീകരിക്കുന്നില്ല. രാവിലെ ജോലി സ്ഥലത്തും വൈകിട്ട് വീട്ടിലും നേരത്തേ എത്തേണ്ടവരുടെ കാര്യമാണ് കഷ്ടം. പ്രത്യേകിച്ചും സർക്കാർ ഓഫീസുകളിലും വസ്ത്ര വ്യാപരശാലകളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യം. പലരും രാത്രി ഏറെവൈകിയാണ് വീട്ടിലെത്തുന്നത്.