mannu

കോട്ടയം : 'പാറപോലുറച്ച' നിയമങ്ങളെ നോക്കുകുത്തിയാക്കി ജില്ലയിൽ മണ്ണ് മാഫിയ ഭൂമിയിടിച്ച് നിരത്തൽ തുടരുന്നു. കടുത്തുരുത്തി, ഞീഴൂർ, കുറവിലങ്ങാട്, പാമ്പാടി, കറുകച്ചാൽ, അയർക്കുന്നം, നെടുംകുന്നം, വടവാതൂർ, മുളക്കുളം, കുറുപ്പന്തറ, പെരുവ എന്നിവിടങ്ങളിലാണ് അനധികൃത മണ്ണെടുപ്പ് വ്യാപകം. മണ്ണ് വിൽക്കാൻ ആഗ്രഹിക്കുന്നവർ ഇടപാടുകാരെ സമീപിച്ചാൽ ദിവസങ്ങൾക്കകം അനുമതി ലഭ്യമാക്കും. റബർ മരങ്ങൾ മുറിച്ചാണ് ഏക്കറുകളുള്ള കുന്നുകൾ ഇടിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് തണ്ണീർത്തടങ്ങളും റബർ തോട്ടങ്ങളും വാങ്ങിയ ശേഷമാണ് മണ്ണിടിക്കലും നികത്തലും. തുടർന്ന് പ്ലോട്ടുകളാക്കി വിൽക്കും. പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തും. നെടുംകുന്നം ചമ്പന്നൂർപ്പടിയിലെ മണ്ണെടുപ്പ് ജനകീയ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്നു. കഴിഞ്ഞ മാസം വെട്ടിക്കാവുങ്കലിന് സമീപം അനധികൃത മണ്ണെടുപ്പിന് നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. നാലുമാസം മുൻപ് കൂത്രപ്പള്ളിയിൽ കുന്നിടിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

കെട്ടിട നിർമ്മാണത്തിന്റെ മറവിൽ

പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി എന്നിവയുടെ മറവിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണ് മാഫിയയുടെ തേരോട്ടം. പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിനും മണ്ണെടുക്കാനും വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നൽകും. ഒരു ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിനടയ്ക്കണം. എന്നാൽ ഈ നിബന്ധനകളെല്ലാം ഇപ്പോൾ നോക്കുകുത്തിയാണ്. അളവിൽ കൂടുതൽ മണ്ണും, പാറയും കടത്തിയിട്ടും രാഷ്ട്രീയ പാർട്ടികളും മൗനം പാലിക്കുകയാണ്.

വരുന്നത് ജലക്ഷാമം
മണ്ണിടൽ ജില്ലയിലെ ജലസ്രോതസുകൾക്കും ജലനിധി പദ്ധതിക്കുമെല്ലാം ഭീഷണിയാണ്. ഇത് വേനലിൽ ജല ക്ഷാമമുണ്ടാക്കും. ഇതു തടയാൻ ജല സ്രോതസുകൾ വറ്റിക്കുന്ന ഖനനം തടയണമെന്നും അളവിൽ കൂടുതൽ മണ്ണെടുക്കുന്നവരിൽ നിന്ന് പിഴയീടാക്കണമെന്നുമാണ് ആവശ്യം.

''അമിത ഭാരം ഒഴിവാക്കാൻ സർക്കാർ നിശ്ചയിച്ച പാസിംഗ് ലോഡ് സംവിധാനവും നോക്കുകുത്തിയായി. വലിയ വാഹനങ്ങൾക്ക് 600 അടി മണ്ണ് വരെയും ചെറിയവയ്ക്ക് 150 അടിവരെയുമാണ് അനുമതി.
-പൊതുപ്രവർത്തകർ