kkk

കോട്ടയം: വരും വ‌ർഷങ്ങളിൽ വൻവികസന പദ്ധതികളാണ് കോട്ടയം സ്വപ്നം കാണുന്നത്. 2025ൽ ജില്ല പ്രതീക്ഷയോടെ കാണുന്ന ഒരുപിടി പദ്ധതികളുണ്ട്. അത് പൂർത്തീകരിച്ചാൽ കോട്ടയത്തിന് വിവിധ മേഖലകളിൽ അത് കരുത്തുപകരും.

പ്രതീക്ഷയോടെ ആരോഗ്യരംഗം

മെഡിക്കൽ കോളേജാശുപത്രിയിൽ 600 കോടിയുടെ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കും സർജിക്കൽ ബ്ലോക്കും, കോട്ടയം ജില്ലാ ആശുപത്രിയിൽ ആധുനി സൗകര്യങ്ങളോടെയുള്ള പത്തുനില കെട്ടിടത്തിന്റെ പൂർത്തീകരണം എന്നിവ വരുംവർഷം ആരോഗ്യരംഗത്ത് ജില്ലയ്ക്ക് പ്രതീക്ഷ നൽകുകയാണ്.

തടസങ്ങൾ നീങ്ങണം

ശബരിമല വിമാനതാവളം, ശബരി റെയിൽപാത എന്നിവ കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുന്ന വൻ പദ്ധതികളാണെങ്കിലും പല തടസങ്ങളിൽ തട്ടിനിൽക്കുകയാണ്.

നിർദ്ദിഷ്ട അങ്കമാലി -എരുമേലി ശബരി റെയിൽ ഇരട്ടപാതയായി നിർമ്മിക്കണമെന്ന് റയിൽവേ കൺസ്ട്രക്ഷൻ വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതോടെ സ്ഥലമെടുപ്പിൽ കുരുങ്ങി പദ്ധതി ഏറെ വൈകിയേക്കുമെന്നുറപ്പായി. ഏഴ് കിലോമീറ്റർ സിംഗിൾ ലൈനും കാലടിയിൽ പെരിയാറിനു കുറുകേ പാലവുമാണ് പൂർത്തിയായിട്ടുള്ളത്. ഇരട്ട പാതയാണെങ്കിൽ റീ സർവേ പൂർത്തിയാകാൻ വർഷങ്ങളെടുക്കും. രാമപുരം സ്റ്റേഷൻ വരെയാണ് കല്ലിട്ട് തിരിച്ചിട്ടുള്ളത്. ഇതിനിടെ ശബരിപാതയ്ക്ക് പകരം ചെങ്ങന്നൂർ -പമ്പ പാതയുമായി റെയിൽവേ രംഗത്തെത്തി. ചെലവ് കുറവും പരിസ്ഥിതി ആഘാതം കുറവുമുള്ള ഈ പദ്ധതിയോടാണ് കേന്ദ്ര സർക്കാരിനും താത്പര്യമെന്ന് വന്നതോടെ ശബരിമലയിലേക്കുള്ള റെയിൽവേ പദ്ധതി അടുത്തകാലത്തൊന്നും യാഥാർത്ഥ്യമാകില്ലെന്ന് ഉറപ്പായി.

വരട്ടെ വിമാനത്താവളം

നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാതപഠനം വീണ്ടും നടത്തുകയാണ്. പദ്ധതിയുടെ പ്രാഥമിക വിജ്ഞാപന പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കിയിരുന്നു.ഏജൻസിയെ നിശ്ചയിച്ചതിലെ പിഴവ് കാരണം ആദ്യ വിജ്ഞാപനം റദ്ദാക്കിയതിനാൽ ആദ്യം മുതൽ സാമൂഹികാഘാതപഠനം ആരംഭിക്കേണ്ടിവന്നതാണ് കാരണം. ഏരുമേലി തെക്ക് മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 916,27 ഹെക്ടറും സ്വകാര്യ വ്യക്തികളുടെ 121.876 ഹെക്ടറുമാണ് ഏറ്റെടുക്കുക. പരിസ്ഥിതി അനുമതി ഉൾപ്പെടെ മറ്റു നടപടികൾ പൂർത്തിയാക്കി വിമാനത്താവളം യാഥാർത്ഥ്യമാകാൻ വർഷങ്ങളേടുക്കും.

പാതിവഴിയിലായ പദ്ധതികൾ

1കോട്ടയം ആകാശപാത

2നാഗമ്പടം നെഹ്റുസ്റ്റേഡിയം വികസനം

3കോടിമത രണ്ടാം പാലം നിർമ്മാണം

4കച്ചേരിക്കടവ് ബോട്ട് ജെട്ടി വികസനം

5കോട്ടയം മിനി സിവിൽ സ്റ്റേഷൻ കെട്ടിടം

6ഈരയിൽകടവ് മണിപ്പുഴ ബൈപാസ് ചിങ്ങവനം വരെ നീട്ടുന്നത്.

ഇനി ശ്രദ്ധിക്കാൻ

കോട്ടയം റെയിൽവേ സ്റ്റേഷനിലടക്കം വൻ വികസന പദ്ധതികളാണ് റെയിൽവേ നടത്തുന്നത്. കോട്ടയത്ത് രണ്ടാം പ്രവേശന കവാടം പൂർത്തിയായി. ചിങ്ങവനം, കുമാരനല്ലൂർ, ഏറ്റുമാനൂർ, കുറുപ്പന്തറ , കടുത്തുരുത്തി, വൈക്കം റോഡ് പിറവം റോഡ് സ്റ്റേഷനുകളിലും നിരവധി വികസന പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ഏറ്റുമാനൂർ മണ്ഡലത്തിൽ വൻ വികസന പദ്ധതികളാണ് നടക്കുന്നത്.കേരളത്തിലെ ഒന്നാം നമ്പർ മെഡിക്കൽ കോളേജായി കോട്ടയം മാറും. ടൂറിസം രംഗത്ത് കുമരകത്ത് നിരവധി പദ്ധതികൾ നടപ്പാക്കും.

മന്ത്രി വി.എൻ.വാസവൻ