
മുണ്ടക്കയം : ഈ ഓടയിലൂടെ എങ്ങനെ വെള്ളമൊഴുകുമെന്ന് ഒന്ന് പറഞ്ഞുതരൂ...!. കൊക്കയാർ നാരകംപുഴ നിവാസികളുടെ ചോദ്യത്തിൽ കഴമ്പുണ്ട്. റോഡിന്റെ ഒരു വശത്ത് ഓടയുണ്ട്. പക്ഷേ ഓടയുടെ അങ്ങേതലയ്ക്കൽ കോൺക്രീറ്റ് ചെയ്തു അടച്ചു. തലതിരിഞ്ഞ നടപടിയെന്ന് ഉറ്റനോട്ടത്തിൽ വ്യക്തം. തേക്കടി നെടുമ്പാശേരി മലയോര ഹൈവേയുടെ നിർമ്മാണ ഭാഗമായാണ് റോഡിൽ ഓടകളുടെ നിർമ്മാണം നടക്കുന്നത്. ഓട അടഞ്ഞതോടെ ഇപ്പോൾ മഴപെയ്താൽ വെള്ളം റോഡിലൂടെ കയറി ഒഴുകും. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവായി. റോഡിലൂടെ നടക്കാൻ കഴിയാത്തവിധം വെള്ളക്കെട്ടാകും.
വെള്ളമൊഴുകും, വഴിയുണ്ട്
ഓടയിൽ നിറഞ്ഞിരിക്കുന്ന മണ്ണും ചെളിയും നീക്കി ആഴം വർദ്ധിപ്പിച്ചാൽ മാത്രമേ വെള്ളം ഇതുവഴി കടന്നുപോകൂ. അല്ലേൽ ഇടറോഡിലേക്ക് സ്ലാബ് സ്ഥാപിക്കണം. എന്നാൽ അതിനായുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.