wstee

കോട്ടയം:മണ്ണിട്ട് റോഡ് ഉയർത്തി റോഡ് നിർമ്മാണം നിലച്ചതോടെ, മാലിന്യവും കുന്നുകൂടി.കോടിമത മുപ്പായിക്കാട് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നില്ല. ഇടയ്ക്ക് പെയ്ത മഴയെതുടർന്ന് റോഡിൽ ചെളിനിറയുകയും നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുകയുമായിരുന്നു. ഇതോടെ അധികൃതർ റോഡിലേക്ക് തിരിഞ്ഞുനോക്കാതായി. അതേസമയം, മണിപ്പുഴയിൽ പുതിയ മാൾ ആരംഭിച്ചതോടെ പ്രധാന റോഡിൽ ഗതാഗതക്കുരുക്ക് വർദ്ധിച്ചതിനെ തുടർന്ന് ചെറുവാഹനങ്ങൾ ഉൾപ്പെടെ മണ്ണിട്ട് ഉയർത്തിയ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്തിന്റെ വശങ്ങളിൽ കല്ലുകെട്ടി ഉറപ്പിക്കുകയും റോഡ് നവീകരണം പൂർത്തിയാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണം.

മണ്ണിട്ടു മടങ്ങി, മാലിന്യം നിറഞ്ഞു:
മണ്ണിട്ട് ഉയർത്തിയ ശേഷം, പിന്നീട് റോഡ് താൽക്കാലികമായി അടച്ചതോടെ, റോഡിൽ മാലിന്യ ചാക്കുകൾ വീണു തുടങ്ങി. റോഡിന്റെ ഇരുവശങ്ങളിലും വലിയതോതിലാണ് മാലിന്യം ചാക്കുകളിൽ കെട്ടി തള്ളുന്നത്. വിഷയം നഗരസഭാധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല. റോഡിന്റെ വശങ്ങളിൽ അഴുകിയ മത്സ്യമാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതിനാൽ രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്.

നഗരസഭാധികൃതരോ ആരോഗ്യ വിഭാഗവും തിരിഞ്ഞു നോക്കുന്നില്ല. നഗരസഭാധികൃതർ ഇടപെട്ട് ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്യണമെന്നും പ്രദേശത്ത് മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ നിരീക്ഷണ കാമറകളും സ്ഥാപിക്കണം. (മുപ്പായിക്കാട് പ്രദേശവാസികൾ)