പോളശല്യം, കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിൽ

കുമരകം : ജലപാതയിൽ പോള നിറഞ്ഞതോടെ കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിലായി. കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കുള്ള ജലപാതയിൽ വെട്ടിക്കാടിനും - ദൈവത്തിന്റെ മൂലയ്ക്കും ഇടയ്ക്കുള്ള ഭാഗത്താണ് പോള തിങ്ങിയത്. ഇതോടെ യാത്രാബോട്ടുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ കൂടുതൽ സമയമെടുക്കും. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുടെ പങ്കയിലും മറ്റും ചവറും പോളയും കുടുങ്ങുന്ന അവസ്ഥയുമുണ്ട്. സമയത്ത് എത്താനാകാത്ത സാഹചര്യത്തിൽ ബോട്ട് സർവീസ് നിറുത്തിവെയ്ക്കേണ്ട സാഹചര്യമാണെന്ന് ജീവനക്കാർ പറയുന്നു. തെക്ക് കായലിൽ നിന്നുമുള്ള പോള കുമരകം,തിരുവാർപ്പ് പഞ്ചായത്തുകളിലെ തോടുകളിൽ നിറയുകയാണ്. കോടിമത ജെട്ടിയിലും പള്ളം ഭാഗത്തും കൊടൂരാറിന്റെ കൈവഴികളിലുമെല്ലാം പോള നിറഞ്ഞിട്ടുണ്ട്. പോളശല്യം മൂലം മുൻവർഷങ്ങളിൽ ബോട്ട് സർവീസ് ദിവസങ്ങളോളം നിർത്തിവെച്ചിരുന്നു.

ഇപ്പോൾ കഷ്ടിച്ച് കടന്നുപോകാം

കഴിഞ്ഞവർഷം വെട്ടിക്കാട് ഭാഗത്ത് പോളയിൽ കുടുങ്ങിയ ബോട്ടിലെ യാത്രക്കാരെ കരക്കെത്തിക്കാൻ ജില്ലാ ഭരണകൂടം ഇടപെട്ട സംഭവമുണ്ടായി. പോളക്കൂട്ടത്തിൽ അകപ്പെടുന്ന ബോട്ടുകൾ കഷ്ടിച്ചാണ് കടന്നുപോകുന്നത്. എംഎൻ ബ്ലോക്ക്, ആപ്പുകായൽ, മാരാംകായൽ, ഒമ്പതിനായിരം തുടങ്ങിയ നെൽപാടങ്ങളിലേയ്ക്ക് കൃഷിക്കാർ എത്തുന്നത് ഇതേജലപാതയിലൂടെ സഞ്ചരിച്ചാണ്.

1മേഖലയിലെ മത്സ്യതൊഴിലാളികൾക്കും കൃഷിക്കാർക്കും തിരിച്ചടി.

2വിനോദസഞ്ചാരികൾ ബോട്ട് യാത്ര ഒഴിവാക്കുന്ന സാഹചര്യം

വിദ്യാർത്ഥികൾക്ക് ആശ്രയം

ആർ ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കാഞ്ഞിരം എസ്.എൻ.ഡി.പി സ്കൂളിൽ എത്താൻ സർവ്വീസ് ബോട്ടിനെയാണ് ആശ്രയിക്കുന്നത്. കോടിമതയിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ബോട്ടിൽ കയറുന്നുണ്ട്.

സമയക്രമം

(കോട്ടയത്ത് നിന്ന് ആലപ്പുഴയ്ക്ക്)

രാവിലെ 6.45 , 11.30, 1.00, 3.30, 5.15

(ആലപ്പുഴ നിന്ന് കോട്ടയത്തേയ്ക്ക്)

രാവിലെ 7.15 ,11.30, 2.30, 5.15