ssss

പാലാ: സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജെയിംസും വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിലും ''സൈക്കിൾ ചവിട്ട്'' തുടങ്ങി. ഗുരുക്കന്മാരും വിദ്യാർത്ഥികളും ഉൾപ്പെട്ട സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സൈക്കിൾ ചവിട്ടും. ഒന്നും രണ്ടും കിലോമീറ്ററല്ല, 12 ദിവസങ്ങൾക്കൊണ്ട് പിന്നിടുക 1200 കിലോമീറ്റർ. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് പരിസ്ഥിതി സംരക്ഷണം, വ്യായാമം തുടങ്ങിയ സന്ദേശം ഉൾപ്പെടുത്തിയുള്ള സൈക്കിൾ പ്രയാണം. യാത്രയിൽ വിവിധ വിദ്യാലയങ്ങൾ സന്ദർശിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസും വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിലും പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ സൈക്കിൾ സംഘം കോട്ടയം ജില്ല കടന്നു. കായികപ്രതിഭ ജിമ്മി ജോർജിന്റെ ജന്മനാടായ പേരാവൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വീകരണമേറ്റുവാങ്ങും. സംഘത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമുണ്ട്. കോളേജിലെ പൂർവവിദ്യാർത്ഥിയും നോർത്ത് കേപ്പ് അൾട്രാ എൻഡുറെൻസ് സൈക്കിളിസ്റ്റുമായ ഫെലിക്സ് അഗസ്റ്റിനാണ് അഖില കേരള സൈക്കിൾ പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തത്. പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. എൻ.സി.സി.ആർമി വിംഗ് 17 കെ കമാൻഡിങ് ബറ്റാലിയൻ ഓഫീസർ കേണൽ ഗുരു പ്രതാപ് സിങ് ആശംസയറിയിച്ചു.