bhadrateacher

പാലാ: നാരായണീയത്തിന്റെയും ദേവീ നാരായണീയത്തിന്റെയും മഹിമയുമായി ഭദ്രടീച്ചറിന്റെ നേതൃത്വത്തിലുള്ള 41 അംഗ ശിഷ്യരും ഉൾപ്പെടുന്ന പൂഞ്ഞാർ ശ്രീകൃഷ്ണ നാരായണീയ സമിതി മദ്ധ്യകേരളം നിറയെ ഭക്തിസാന്ദ്രമാക്കുകയാണ് . കഴിഞ്ഞ ദിവസം പാലാ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ദേശതാലപ്പൊലി മഹോത്സവ വേദിയിൽ ദേവീനാരായണീയ പാരായണവുമായെത്തിയ ഭദ്രടീച്ചറെ ദേവസ്വം ഭരണ സമിതി പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു. ദേവസ്വം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായർ, വൈസ് പ്രസിഡന്റ് പി.എസ്. ശശിധരൻ, ഉത്സവകമ്മറ്റി ഭാരവാഹികളായ സി.ജി. വിജയകുമാർ, ആർ. സുനിൽകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

പൂഞ്ഞാർ പനച്ചിപ്പാറ കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാരായണീയ സമർപ്പണം നടത്തി പ്രവർത്തനം ആരംഭിച്ച ശ്രീകൃഷ്ണ നാരായണീയ സമിതി കേരളത്തിലെമ്പാടും നാരായണീയ പാരായണവുമായി എത്തിക്കഴിഞ്ഞു. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമത്തിൽ പേരൂർ തങ്കമണിയമ്മ ടീച്ചറിൽ നിന്നാണ് പാലാ പുത്തൻപള്ളിക്കുന്ന് ഭദ്രാ യോഗേഷ് എന്ന ഭദ്രടീച്ചർ നാരായണത്തിന്റെ ആദ്യപാഠങ്ങൾ പകർന്നെടുത്തത്.

ഗുരുവായൂരപ്പനുമുന്നിലും നാരായണീയം എഴുതിയ സാക്ഷാൽ മേൽപ്പത്തൂരിന്റെ ജൻമസ്ഥലമായ ചന്ദനക്കാവ് ക്ഷേത്രത്തിലും കാടാമ്പുഴ ക്ഷേത്രത്തിലുമെല്ലാം ശ്രീകൃഷ്ണ നാരായണീയ സമിതിയുടെ ഭക്തിനിർഭരമായ ഈണങ്ങൾ ഉയർന്നിട്ടുണ്ട്.

പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് അക്കൗണ്ട്‌സ് ഓഫീസറായി വിരമിച്ച ശേഷമാണ് ഭദ്രടീച്ചർ നാരായണീയ പാരായണത്തിൽ സജീവമായത്. ശിഷ്യരായ ലീല ടീച്ചറും ശ്യാമള ടീച്ചറുമുൾപ്പെടെ മുഴുവൻ ആളുകളും ഇന്ന് ശ്രീകൃഷ്ണ നാരായണീയ സമിതിയുടെ സജീവ അംഗങ്ങളാണ്.

ഭർത്താവ് യോഗേഷും മക്കളായ രാജേഷ് ശ്രീഭദ്രയും മനേഷും മരുമക്കളായ ഗായത്രിയും ഡോ. ബിൻസി ബേബിയുമൊക്കെ ഇതിന് പൂർണ്ണ പിന്തുണയേകുന്നു. നിലവിൽ പത്തോളം ഇടങ്ങളിൽ ഭദ്രടീച്ചർ നാരായണീയ പാരായണ പരിശീലന ക്ലാസ് നടത്തുന്നുമുണ്ട്.