പാലാ: കാൽപത്തിയിൽ മുറിവ്പറ്റി അവശനിലയിൽ പാലാ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ മേസ്തിരി തൊഴിലാളിയെ മരിയസദൻ അധികാരികളെത്തി ചികിത്സയ്ക്കായി മരിയസദനിലേക്ക് കൊണ്ടുപോയി. പുലിയന്നൂർ മരോട്ടിക്കൽ ബിനു എം.ആർ. (60) എന്ന തൊഴിലാളിയെയാണ് മരിയസദൻ അധികൃതർ എത്തി ചികിത്സ ഒരുക്കുന്നത്. ഒരു വർഷം മുമ്പ് കാലിൽ കല്ലുവീണതിനെ തുടർന്ന് ഈ ഭാഗത്ത് വ്രണമുണ്ടാവുകയും പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു. കുടുംബവുമായി അടുപ്പത്തിലായിരുന്നില്ല. മരിയസദൻ സന്തോഷിനെ വിവരമറിയിച്ചതിനെ തുടർന്ന് അവിടെ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിഖിൽ സെബാസ്റ്റ്യനും സംഘവും എത്തി മരിയസദനിലേക്ക് മാറ്റുകയായിരുന്നു. ഇവിടുത്തെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ തൊഴിലാളിക്ക് വേണ്ട ചികിത്സ നൽകുമെന്ന് നിഖിൽ സെബാസ്റ്റ്യൻ പറഞ്ഞു.