s
മന്നത്ത് പത്മനാഭൻ

ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148-ാം ജയന്തി ആഘോഷം ഇന്നും നാളെയും പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. രാവിലെ ഭക്തിഗാനാലാപം, 7 മുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന, 10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വാഗതവും വിശദീകരണവും നൽകും. പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. സംഘടനാവിഭാഗം മേധാവി വി.വി.ശശിധരൻ നായർ നന്ദി പറയും.
ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30ന് ചലച്ചിത്രതാരം രമ്യനമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം, രാത്രി ഒൻപതിന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന മേജർ സെറ്റ് കഥകളി ഉത്തരാസ്വയംവരം.
നാളെ രാവിലെ ഏഴിന് മന്നം സമാധിയിൽ പുഷ്പാർച്ചന, എട്ടിന് നാഗസ്വരക്കച്ചേരി, 10.30ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം. മന്നംജയന്തി സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി അനുസ്മരണ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വാഗതവും ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള നന്ദിയും പറയും.