
കുമളി: അണക്കര, ചെല്ലാർകോവിൽ, മൈലാടുംപാറ മേഖലകളിൽ മാസങ്ങളായി ചന്ദന മോഷ്ടാക്കളുടെ ശല്യം വ്യാപകമായി തുടരുന്നു. നിരവധി സ്വകാര്യ കൃഷിയിടങ്ങളിൽ നിന്ന് വളർച്ചയെത്തിയ ചന്ദനമരങ്ങൾ രാത്രികാലങ്ങളിൽ മോഷ്ടാക്കൾ മുറിച്ച് കടത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചെല്ലാർകോവിൽ അരുവിക്കുഴി ടൂറിസം കേന്ദ്രത്തിന് സമീപം നിന്നിരുന്ന ചന്ദന മരങ്ങളാണ് രാത്രി സമയത്ത് മോഷ്ടിക്കപ്പെട്ടത്. ഇതിന് സമീപത്തു നിന്ന മറ്റൊരു മരം കൈവാൾ ഉപയോഗിച്ച് പാതിയോളം മുറിച്ച് നിലയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നിരവധി ചന്ദനമരങ്ങൾ ഈ ഭാഗത്ത് നിന്ന് മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിൽ ചെല്ലാർകോവിൽ മയിലാടുംപാറ എന്നിവിടങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ ആറോളം ചന്ദനമരങ്ങളാണ് മോഷണം നടത്തിയത്. ഈ സംഭവങ്ങളിൽ പൊലീസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും നാലുമാസമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ മേഖലയിൽ കൃഷിയിടങ്ങളോട് ചേർന്ന് നൂറുകണക്കിന് ചെറുതും വലുതുമായ ചന്ദനമരങ്ങളാണുള്ളത്. മോഷണം തുടർക്കഥയായതോടെ പ്രദേശവാസികളും ആശങ്കയിലാണ്. എത്രയും വേഗം മോഷ്ടാക്കളെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.