
ലോകത്തിന്റെ ഏതുഭാഗത്തുള്ള മലയാളി മനസും ദേവവൃക്ഷം പോലെ ഗണിച്ചിരുന്ന എഴുത്തുകാരനാണ് എം.ടി.വാസുദേവൻനായർ. ആ പേരിലുമുണ്ട് ഒരു ദേവാംശം.
എം.ടി.ഒരു കാലമാണ് .സമയചക്രം ഒരിക്കലും ബാധകമല്ലാത്ത കാലം . എം.ടി.വാസുദേവൻ നായർ എന്ന മഹാപ്രതിഭ മടങ്ങുമ്പോൾ മലയാള സാഹിത്യത്തിലെ ഒരു സുവർണയുഗം അസ്തമിക്കുകയാണ്.കഥയിലും നോവലിലും തിരക്കഥയിലുമടക്കം വിരൽതൊട്ട മേഖലകളിലെല്ലാം വിസ്മയം തീർത്ത , ഇതുപോലെ സ്വാധീനിച്ച ഒരു എഴുത്തുകാരൻ ഇനിവരുമെന്നു കരുതുക വയ്യ.തലമുറകൾ വായിച്ച എം.ടിയുടെ രചനകൾ മലയാളം ഉള്ള കാലത്തോളം നിലനിൽക്കും.വായനയുടെ
മഹാ സാമ്രാജ്യത്തിലെ ചക്രവർത്തിയായി എക്കാലത്തും എം.ടി. തുടരും.
ലോകത്തിന്റെ ഏതുഭാഗത്തുള്ള മലയാളി മനസും ദേവവൃക്ഷം പോലെ ഗണിച്ചിരുന്ന എഴുത്തുകാരനാണ് എം.ടി.വാസുദേവൻനായർ. ആ പേരിലുമുണ്ട് ഒരു ദേവാംശം. അല്പം നീണ്ട ആ പേര് എം.ടിയെന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങിയപ്പോഴും അത് ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ മേൽവിലാസം തന്നെയായി.
ചെറുകഥ, നോവൽ, തിരക്കഥ, , നാടകം, ലേഖനങ്ങൾ, ബാലസാഹിത്യം, പത്രാധിപർ തുടങ്ങി സംവിധാനം വരെ അങ്ങനെ കൈവച്ച മേഖലകളിലെല്ലാം ഒന്നാം സ്ഥാനത്തെത്തുക എന്നത് അപൂർവ പ്രതിഭകൾക്ക് മാത്രം കഴിയുന്നതാണ്. ഏകാന്തത ഭജിക്കാനും ഭുജിക്കാനും ഇഷ്ടപ്പെട്ട മനസായിരുന്നു എം.ടിയുടേത്. അതൊരു ശീലമോ സർഗപ്രക്രിയയുടെ ഭാഗമായുള്ള പരിശീലനമോ ആകാം. എന്നാൽ നിശബ്ദനായിരിക്കുമ്പോഴും ആ മനസ് കണ്ണുകൾ മറച്ച കുതിരയെപ്പോലെ പാഞ്ഞുകൊണ്ടിരുന്നു. ആ അശ്വവേഗം ആത്മാനുരാഗത്തിന്റെ സൗരഭ്യമുള്ള എണ്ണമറ്റ കഥകൾ സൃഷ്ടിച്ചു. അതിനൊപ്പം സാമൂഹ്യവിമർശനപരമായ രചനകളും നമുക്ക് സമ്മാനിച്ചു. ഒരർത്ഥത്തിൽ എം.ടിയുടെ സർഗപരമായ അശ്വമേധം മലയാള സാഹിത്യത്തിന്റെ വിസ്‌തൃതി ഗണ്യമായി വർദ്ധിപ്പിച്ചു.
നിളയുടെ നഖക്ഷതങ്ങളേറ്റുകിടക്കുന്ന കൂടല്ലൂർ എന്ന ജന്മഗ്രാമത്തിന്റെ നവരസങ്ങളും വ്യത്യസ്തരായ കഥാപാത്രങ്ങളും എം.ടി തന്റെ വിവിധ കഥാപാത്രങ്ങളിലേക്ക് ആവാഹിച്ചു. സമതലങ്ങൾ കടന്ന് രചന ഹിമാലയത്തിലെത്തിയപ്പോഴും നിളയെയും കൂടല്ലൂരിനെയും അദ്ദേഹം കൈവിട്ടില്ല. അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും നാലുകെട്ടിലെ അപ്പുണ്ണിയും കാലത്തിലെ സേതുവും മഞ്ഞിലെ വിമലയും എന്നും ഒപ്പമുണ്ടായിരുന്നു.
മഞ്ഞും മൗനവും എം.ടിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ഒഴുക്കറ്റ ജലമാണ് മഞ്ഞ്. അതുപോലെ ഘനീഭവിച്ച വാക്കുകളാണ് മൗനം. രണ്ടും ഉരുകാൻ തുടങ്ങിയാൽ ചലനാത്മകമാകും. എം.ടിയുടെ കൃതികളിലെ അനവധി കഥാപാത്രങ്ങൾ വാക്കുകളെക്കാൾ മൗനം കൊണ്ടാണ് വായനക്കാരോട് സംവദിച്ചത്. മൗനത്തിന്റെ മറ്റു പുറങ്ങൾ നിറയെ കാവ്യധ്വനിയുള്ള വാക്കുകൾ നിറഞ്ഞൊഴുകി. മഞ്ഞും മൗനവും തടാകവും കാത്തിരിപ്പുമാണ് മഞ്ഞിലെ പേരില്ലാത്ത മുഖ്യകഥാപാത്രങ്ങൾ.
താൻ ജീവിച്ച കാലത്തെയും ഇടപഴകിയ കഥാപാത്രങ്ങളെയും പുരാണേതിഹാസങ്ങളുടെ പട്ടുനൂലിൽ ബന്ധിപ്പിക്കാനും എം.ടിക്കു കഴിഞ്ഞു. രണ്ടാമൂഴം, വാരാണസി, വാനപ്രസ്ഥം എന്നിവ ആ ബന്ധനത്തിന്റെ ശക്തിയും സൗന്ദര്യവും അനുഭവിപ്പിക്കുന്നു.
രണ്ടാമൂഴത്തിൽ നാം കണ്ടുമുട്ടുന്ന ചിരപരിചിതരായ പല കഥാപാത്രങ്ങളും മഹാഭാരതത്തിന്റെ അണിയറയിൽ നിന്ന് എം.ടി പുതിയ ആടയാഭരണങ്ങൾ നൽകി ആനയിച്ചവരാണ്. ഹിമവാന്റെ സത്യവും സൗന്ദര്യവും പ്രവഹിക്കുന്ന ഗംഗയിൽ നിളയുടെ മുഖഛായ കാണാം. ഗന്ധമാദനത്തിലെ കാല്പാടുകൾക്കും കൂടല്ലൂരിലെ പാദമുദ്രകൾക്കും സാമ്യമുണ്ട്. മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയും നിസഹായതയും കണ്ട് മരവിച്ച മനസോടെ ജീവിതാന്ത്യത്തിലേക്ക്. പാണ്ഡവരും ദ്രൗപദിയും മഹാപ്രസ്ഥാനത്തിനൊരുങ്ങുന്ന സന്ദർഭത്തിൽ തുടങ്ങുന്ന രണ്ടാമൂഴം ഏതൊരു മനുഷ്യന്റെയും ജീവിതപര്യടനാനുഭവമായി മാറുന്നു.
കൂട്ടുകുടുംബ പശ്ചാത്തലം തന്റെ പല കൃതികൾക്കും എം.ടി സമർത്ഥമായി ഉപയോഗിച്ചു.
മലയാളത്തെ എം.ടി ആഴത്തിൽ വായിച്ചപോലെ ലോകസാഹിത്യത്തെയും വായിച്ചു. അതിൽ നിന്നു കിട്ടിയ വിജ്ഞാന കിരണങ്ങൾ തന്റെ തിരക്കഥയിലും രചനകളിലും സാന്ദർഭികമായി അദ്ദേഹം ഉപയോഗിച്ചു. വിഖ്യാതരായ പല എഴുത്തുകാരെയും അദ്ദേഹം പരിചയപ്പെടുത്തി. ഹെമിംഗ് വേ- ഒരു മുഖവുര 1964ൽ പുറത്തുവന്നു. ഗബ്രിയേൽ ഗാർസിയ മാർക്കസിന്റെ കൃതികളെപ്പറ്റിയും അദ്ദേഹം എഴുതിയിട്ടുണ്ട്.
നാലുകെട്ടിനകത്തായാലും പുറംലോകത്തായാലും തന്റെ കഥാപാത്രങ്ങൾ സഭ്യതയുടെ ലക്ഷ്മണരേഖ കടക്കാതിരിക്കാൻ എം.ടി എന്നും ശ്രദ്ധിച്ചിരുന്നു. നാലുകെട്ടിനുള്ളിലെ ജീവിതമുഹൂർത്തങ്ങളെ നാലുദിക്കിലെയും മനുഷ്യരുടെ പൊതുജീവിതകഥയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വാനപ്രസ്ഥത്തിൽ വിനോദിനിയും കരുണൻമാഷും ഒരേ മുറിയിൽ അടുത്തടുത്തു കിടക്കുന്നു. ആ മനപ്പൊരുത്തത്തിലും ശയനത്തിലും അവർ വാചാലരാകുന്നില്ല. മൗനത്തിന് ഇവിടെ ഏഴഴകും ഏഴു വൻകരകളുമുണ്ടെന്നു തോന്നിപ്പോകും.
സാമൂഹ്യ വിമർശനപരമായ ഇതിവൃത്തങ്ങൾ സ്വീകരിച്ചപ്പോഴും എം.ടി വെന്നിക്കൊടി പാറിച്ചു. പരിണയത്തിലെ ഉണ്ണിമായ സ്മാർത്ത വിചാരം എന്ന അനാചാരത്തിനെതിരെ പ്രതിഷേധിക്കുന്നത് വാക്കുകൾ കൊണ്ടല്ല. സ്വന്തം ജീവിതം കൊണ്ടുതന്നെയാണ്. മതവൈരം എന്ന തീവ്ര സാംക്രമിക രോഗത്തിന്റെ ഭീഷണി അസുരവിത്തിൽ അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ട്. വർത്തമാനകാലത്തിലും ആ ഭീഷണി മാരകമായി നിലനിൽക്കുന്നു.
ഏതു തിരക്കിനിടയിലും മനുഷ്യന്റെ മനസ് പ്രവാസിയുടെ ഏകാന്തതയെയും ഗൃഹാതുരത്വത്തിന്റെ പവിഴപ്പാടങ്ങളെയും തൊട്ടുഴിയും. ഏതു പ്രായത്തിലും ഈ അവസ്ഥയുണ്ടാകും. എം.ടിയുടെ നിരവധി കഥാപാത്രങ്ങൾ ഈ അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. മലയാളികളെ ഏറെ വശംവദരാക്കിയത് ഇത്തരം കഥാപാത്രങ്ങളാണ്.
കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച കണ്ടുവളർന്ന എം.ടിയുടെ ബാല്യകൗമാരങ്ങൾ പിൽക്കാല രചനകൾക്ക് അടിവളമായി. വ്യത്യസ്ത ഭൂപ്രകൃതിയിൽ പിറന്ന പല കഥാപാത്രങ്ങളുടെയും ആന്തരികബലം വളക്കൂറാർന്ന ആ സ്മരണകളാണ്. തിരക്കഥകളിലും കൃത്യമായ അളവിലുള്ള ഈ വളപ്രയോഗം നടത്തി നൂറ് മേനി കൊയ്യാനും എം.ടിക്ക് കഴിഞ്ഞു.
എഴുത്തിൽ എക്കാലവും കൗമാരകൗതുകവും യൗവനാവേശവും പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രായത്തിലല്ല ചിന്തകളിലാണ് യൗവനമെന്ന വിശ്വാസക്കാരൻ. നൂതന ഭാവുകത്വങ്ങളിലൂടെ വായനക്കാരിൽ സ്വർഗം തുറക്കുന്ന സമയം കാട്ടിത്തന്നു. അക്ഷരങ്ങളുടെ വിസ്മയനക്ഷത്രങ്ങൾക്കൊപ്പം സഞ്ചരിച്ച ഈ ഏകാകി മടങ്ങുന്നത് നക്ഷത്രങ്ങൾ പൂത്തിറങ്ങുന്ന ഓർമ്മകളുടെ മുന്തിരിപ്പാടങ്ങൾ അവശേഷിപ്പിച്ചാണ്. മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും അപാരമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയിട്ടാണ്.
എം.ടിയുടെ പെരുന്തച്ചൻ പറയുന്നൊരു വാക്യമുണ്ട്: കല്ലിൽ ആദ്യം സപ്തസ്വരം കേൾപ്പിച്ചവൻ പെരുന്തച്ചൻ. അതു മതി. തലമുറകൾ കഴിഞ്ഞാൽ ചെയ്തത് പലതും മറക്കും. പക്ഷേ അതു മറക്കില്ല.
തലമുറകൾക്ക് നെഞ്ചോട് ചേർത്തുവയ്ക്കാൻ എത്ര മഹനീയ ശില്പങ്ങൾ സമ്മാനിച്ചാണ് അക്ഷരസാമ്രാജ്യത്തിലെ ഈ രാജശില്പി മടങ്ങുന്നത്. ആ അനശ്വര ശില്പങ്ങൾക്കും ശില്പിക്കും മലയാളത്തിന്റെയും കേരളകൗമുദിയുടെയും പ്രണാമം.