
നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയതോടെ വിവാദങ്ങൾ മുറുകുന്ന പശ്ചാത്തലത്തിൽ അനുകൂലിച്ചും എതിർത്തും രണ്ടു പക്ഷം
ദുരൂഹത നീക്കാൻ സി.ബി.ഐ വരട്ടെ
സി.പി ജോൺ
സി.എം.പി ജനറൽ സെക്രട്ടറി
എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പറയുമ്പോഴും ഭരണകക്ഷിയുടെയും പാർട്ടിയുടെയും നിലപാട് സി.ബി.ഐ അന്വേഷണം വേണ്ട എന്നാണ്. ഇതിലൂടെ തന്നെ സർക്കാരിന്റെ ഇരട്ടത്താപ്പ് നയവും കുറ്റക്കാരെ സംരക്ഷിക്കാനുള്ള ഗൂഢനീക്കവും വ്യക്തമാണ്. നവീൻ ബാബുവിന്റെ മരണം നടന്ന ദിവസം മുതൽ ഓരോ സംഭവം എടുത്തു പരിശോധിച്ചാലും അടിമുടി ദുരൂഹത പ്രകടമാണ്.
നവീൻ ബാബുവിനെതിരെ ആരോപണമുന്നയിച്ച പരിയാരം മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥൻ ടി.വി പ്രശാന്തന് എങ്ങനെ സർക്കാരിന്റെ ഇടപെടലില്ലാതെ പ്രെട്രോൾ പമ്പ് തുടങ്ങാൻ അനുമതി കിട്ടിയെന്നതും ചിന്തിക്കേണ്ടതാണ്. പൊതുവേദിയിലെത്തി നവീൻ ബാബുവിനെതിരെ പി.പി. ദിവ്യ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ജില്ലാ കളക്ടർ മൗനം പാലിക്കുകയാണുണ്ടായത്. പ്രതിയെ എത്രനാൾ വരെ സംരക്ഷിക്കാം എന്ന ഗവേഷണമാണ് സി.പി.എം ഇതുവരെ നടത്തിയത്. തുടക്കം മുതലേ ദിവ്യയ്ക്കെതിരെ യാതൊരു നടപടിയും പൊലീസിന്റെയോ പാർട്ടിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല.
മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യ ഘട്ടത്തിൽ മറ്റു മാർഗമില്ലാതെ ദിവ്യയെ തരം താഴ്ത്താനും അറസ്റ്റ് ചെയ്യാനും പാർട്ടി നേതൃത്വം നിർബന്ധിതമാവുകയാണ് ഉണ്ടായത്. പിന്നീട് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി വിധി വന്നയുടൻ, അവരെ ജയിലിലെത്തി ആദ്യം കണ്ടത് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയും മുൻ എം.എൽ.എ ജെയിംസ് മാത്യുവിന്റെ ഭാര്യയുമാണ്. ഇത് വ്യക്തമാക്കുന്നത് പാർട്ടി നടപടിയുണ്ടെങ്കിലും സംരക്ഷിക്കുമെന്നും പാർട്ടിക്കു ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വെളിപ്പെടുത്തരുതെന്നുമാണ്.
നവീൻ ബാബുവിന്റെ മരണത്തിൽ ഇൻക്വസ്റ്റ് നടപടികൾ അതിവേഗമാണ് പൂർത്തിയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്മോർട്ടം നടന്ന സമയത്തും ബന്ധുക്കൾ ആരുമുണ്ടായിരുന്നില്ല. അന്നേദിവസം വൈകിട്ടാണ് കുടുംബം സംഭവസ്ഥലത്ത് എത്തുന്നത്. കുടുംബത്തിന്റെ ഈ ആരോപണങ്ങളിലെല്ലാം വികാരപരമായ പ്രശ്നങ്ങൾ എന്നതിനപ്പുറം നിയമപരമായ പ്രശ്നങ്ങളുമുണ്ട്. മറുഭാഗത്തു നിൽക്കുന്ന നവീൻ ബാബുവിന്റെ കുടുംബവും പാരമ്പര്യമായി സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. സി.പി.എം നേതാക്കളും മന്ത്രിമാരുമടക്കം നവീൻ ബാബുവിന്റെ വീട്ടിലെത്തിയ നേതാക്കളോടെല്ലാം മാന്യമായിത്തന്നെ അവർ പെരുമാറി.
ഇപ്പോൾ കുടുംബം സി.ബി.ഐ അന്വേഷണ ആവശ്യവുമായി രംഗത്തെത്തുമ്പോൾ, പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം കുടുംബത്തിന് തൃപ്തികരമല്ല എന്ന കാര്യം കൂടി വ്യക്തമാവുകയാണ്. കൂടാതെ നവീൻ ബാബു ആത്മഹത്യ ചെയ്യാനുള്ള യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നതും, ഭാര്യ മഞ്ജുഷയുടെ സംശയവും കേസിൽ ദുരൂഹതയുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്. കേസിൽ ദുരൂഹതയുണ്ടെങ്കിൽ അത് മറനീക്കി പുറത്തു വരികതന്നെ വേണം. സി.പി.എം എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ പേടിക്കുന്നത്?ഇരകളുടെ അടുത്ത ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഗവൺമെന്റ് എന്തിന് എതിർക്കണം? എ.ഡി.എമ്മിന്റെ മരണം ആത്മഹത്യയാണോ അല്ലയോ എന്ന കുടുംബത്തിന്റെ സംശയത്തിന് ഒപ്പം നിൽക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
പറയേണ്ടത് പാർട്ടിയല്ല,
കോടതിയാണ്
എം.വി. ജയരാജൻ
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി
എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. നിലവിൽ കോടതിയുടെ പരിഗണനയിലാണ് ഈ വിഷയം. അതിർ പാർട്ടിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. സി.ബി.ഐ അന്വേഷണം വേണമെന്നും വേണ്ടെന്നുമല്ല; കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി ഈ അവസരത്തിൽ പറയുന്നത്. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം മുതൽ പാർട്ടിയുടെ നിലപാട് അതുതന്നെയാണ്. ഇന്നും അതു തന്നെ.
മാദ്ധ്യമങ്ങൾ പലതും പ്രചരിപ്പിക്കുന്നതിന് പാർട്ടി ഉത്തരവാദിയല്ല. അന്വേഷണങ്ങളിൽ സി.ബി.ഐ അവസാന വാക്കല്ലെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടറി സൂചിപ്പിച്ചതു പോലെ, സി.ബി.ഐ അന്വേഷണത്തിൽ സി.പി.എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് ഈ ഒരു കേസിന്റെ ഭാഗമായി പുതുതായി ഉണ്ടായിട്ടുള്ളതല്ല. നേരത്തേ തന്നെ പാർട്ടി ഇക്കാര്യത്തിൽ നിലപാടു സ്വീകരിച്ചതും പരസ്യമായി പ്രഖ്യാപിച്ചതുമാണ്. എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ചാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യം ഉന്നയിക്കപ്പെടുന്നത്.
ദിവ്യയ്ക്കെതിരായ ആത്മഹത്യാ പ്രേരണാ കേസിന് പ്രസക്തിയില്ലാതായെന്ന് അതിൽ നിന്നു തന്നെ വ്യക്തമായില്ലേ? മാത്രമല്ല, കേസിൽ നിലവിലെ ഏക പ്രതിയായ ദിവ്യ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് എവിടെയും പറയുന്നുമില്ല. ഇതൊക്കെക്കൊണ്ടു തന്നെയാണ് സമഗ്രമായ അന്വേഷണം പാർട്ടി ആദ്യമേ ആവശ്യപ്പെടുന്നത്. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടരും, അത്തരക്കാരനല്ലെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. ഇതിന്റെ നിജസ്ഥിതി ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. സമഗ്രമായ അന്വേഷണത്തിൽ ഈ വിവരം പുറത്തു വരികതന്നെ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.
പി.പി. ദിവ്യയുടെ പ്രസംഗം എ.ഡി.എമ്മിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ എന്നതും പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. എ.ഡി.എം അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെങ്കിൽ ദിവ്യയുടെ ആരോപണം എതിർക്കപ്പെണ്ടേതാണെന്നു തന്നെയാണ് പാർട്ടിയുടെ നിലപാട്. അതിന്റെ പേരിലാണ് അന്വേഷണം പൂർത്തിയാകും മുമ്പുതന്നെ എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പം എന്ന നിലപാടിന്റെ കൂടി ഭാഗമായി നടപടികളുണ്ടായത്. പാർട്ടി എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് നേരത്തേ തന്നെ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് എ.ഡി.എമ്മിന്റെ മൃതദേഹത്തോടൊപ്പം ജില്ലാ സെക്രട്ടറിയായ ഞാൻ ഉൾപ്പടെയുള്ളവർ അനുഗമിച്ചത്. സർക്കാരും ഈ വിഷയത്തിൽ ആ നിലപാടാണ് സ്വീകരിച്ചത്.
എ.ഡി.എമ്മിന്റെ കുടുംബത്തെ, മരണം സംഭവിച്ച കുടുംബമെന്ന നിലയിൽ അവർക്കൊപ്പം നിന്ന് ഐക്യദാർഢ്യം അറിയിച്ച് പാർട്ടി സ്വീകരിക്കേണ്ട സംഘടനാപരമായ നടപടിയാണ് പി.പി. ദിവ്യയ്ക്കെതിരെ കൈക്കൊണ്ടത്.
എ.ഡി.എമ്മിന്റെ മരണം അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ദിവ്യ യാത്രഅയപ്പു യോഗത്തിൽ നടത്തിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് പാർട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്. എങ്കിലും അഴിമതി സംബന്ധിച്ചുയർന്ന എല്ലാ പരാതികളും സർക്കാർ അന്വേഷിക്കേണ്ടതും വ്യക്തത വരുത്തേണ്ടതുമാണ്.