
യാത്രയ്ക്കിടെ ഏത് സ്റ്റോപ്പിൽ എത്തിയെന്ന് തത്സമയം അറിയാൻ വാട്സാപ്പ് ഗ്രൂപ്പ്. സൗമ്യമായി പെരുമാറുന്ന ജീവനക്കാർ. ജനങ്ങൾ നെഞ്ചോട് ചേർത്തുവച്ച ഒരു സർവീസ്. അതാണ് കോഴഞ്ചേരി- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് 'കോഴഞ്ചേരിക്കാരൻ'. ഈ സർവീസിനെക്കുറിച്ച് പറയുമ്പോൾ 1968 മുതലുള്ള കഥ പറഞ്ഞ് തുടങ്ങണം. അന്ന് സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന ഇലന്തൂർ കെ കുമാർജി, പ്രഭാഷണ തിലകൻ സിഎം നൈനാൻ, എൻജി ചാക്കോ, പരമൂട്ടിൽ പത്മനാഭൻ പിള്ള എന്നിവർ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി ഒരു കെഎസ്ആർടിസി സർവീസിന് വേണ്ടി ആവശ്യം ഉന്നയിച്ചു.
ഈ ആവശ്യം കണക്കിലെടുത്ത് അന്നത്തെ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചെയർമാൻ എംഎം ചെറിയാൻ പ്രത്യേക താൽപര്യം എടുത്ത് കോഴഞ്ചേരിയിൽ നിന്ന് തുടങ്ങി ഓമല്ലൂർ, പ്രക്കാനം വഴി ബസ് സർവീസ് എന്ന ആശയം മുന്നോട്ടുവച്ചു. അന്ന് പികെ കുഞ്ഞ് മന്ത്രിയായിരുന്നപ്പോഴാണ് കായംകുളം ഡിപ്പോയിൽ നിന്ന് കോഴഞ്ചേരി വഴി തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നത്. പിന്നീട് ഈ സർവീസ് കോഴഞ്ചേരിയിൽ നിന്ന് ആരംഭിച്ചു.
യാത്രക്കാരുടെ സ്വന്തം കോഴഞ്ചേരിക്കാരൻ
വർഷങ്ങൾ പിന്നിട്ട് 2020 കഴിഞ്ഞപ്പോഴേക്കും ഈ സർവീസ് യാത്രക്കാർക്ക് പ്രിയപ്പെട്ടതായി. ബസിന്റെ മുമ്പിൽ തന്നെ അവർ 'കോഴഞ്ചേരിക്കാരൻ' എന്ന പേരുമിട്ടു. മാത്രമല്ല, സ്ഥിരം യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും അടങ്ങുന്ന ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പും തുടങ്ങി. ഈ വാട്സാപ്പ് ഗ്രൂപ്പിലാണ് ബസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പങ്കുവയ്ക്കുന്നത്. ബസ് എവിടെ എത്തി, എന്തെങ്കിലും കാരണത്താൽ സർവീസ് മുടങ്ങുമോ എന്നുള്ള എല്ലാ കാര്യങ്ങളും ഈ ഗ്രൂപ്പിൽ സന്ദേശങ്ങളായി എത്തും. ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ സന്ദേശം എത്തും. ഒരു കുടുംബത്തിലുള്ള അംഗങ്ങളെപ്പോലെ സ്‌നേഹത്തോടെയാണ് ഈ കൂട്ടായ്മയിലുള്ളവർ മുന്നോട്ടു പോകുന്നത്. ഇപ്പോൾ, ഈ ബസിനെക്കൂടാതെ, കോഴഞ്ചേരി വഴി സർവീസ് നടത്തുന്ന മറ്റ് രണ്ട് സർവീസുകളുടെ വിവരങ്ങളും ഈ ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.
കളക്ഷനിൽ റെക്കോർഡ്
കോഴഞ്ചേരിയുടെ സമീപ പ്രദേശത്ത് നിന്നും തിരുവനന്തപുരം ആർസിസിയിലേക്ക് പോകുന്ന രോഗികൾക്ക് രാവിലെ അവിടെ എത്തിച്ചേരാൻ ഏറെ സഹായകരമാകുന്ന സർവീസാണിത്. കൊല്ലം ഡിപ്പോയുടെ ആർഎസ്‌സി 944 എന്ന ബസാണ് സർവീസ് നടത്തുന്നത്. കൊല്ലം ഡിപ്പോയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചരിത്രവും കോഴഞ്ചേരിക്കാരനുണ്ട്.
സമയത്തിൽ ഉള്ള കൃത്യതയും ജീവനക്കാരുടെ സൗമ്യമായ പെരുമാറ്റവും ഈ സർവീസിനെ മികവുറ്റതാക്കുന്നു. തിങ്കളാഴ്ച ദിവസങ്ങളിൽ നാൽപതിന് മുകളിൽ യാത്രക്കാർ സ്ഥിരമായി കോഴഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ച് കോഴഞ്ചേരിക്കും ആശ്രയിക്കുന്ന ഏക സർവീസാണിത്. മറ്റ് ദിവസങ്ങളിൽ ഇരുപതോളം യാത്രാക്കാരുമുണ്ട്.
ജീവനക്കാർ കുടുംബം പോലെ
രാത്രി കോഴഞ്ചേരിയാണ് ബസ് സ്‌റ്റേ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് യാതൊരു ബുദ്ധിമുട്ടും വരരുതെന്ന് യാത്രക്കാർക്ക് നിർബന്ധമാണ്. ഈ ഒരു കാരണം കൊണ്ട് ഭാവിയിൽ സർവീസ് മുടങ്ങിയാലോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. അതുകൊണ്ട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ ജീവനക്കാർക്ക് വേണ്ട താമസ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ഈ മുറിയിലാകട്ടെ കട്ടിലും മേശയും കസേരയും രാത്രി ഭക്ഷണവും എല്ലാം നാട്ടുകാർ എത്തിച്ചു നൽകി. ജീവനക്കാർക്ക് കുടിക്കാനുള്ള വെള്ളവും ചായയും സ്നാക്സും നൽകാൻ 2025 മാർച്ച് വരെയുള്ള തുകയും സ്‌പോൺസർ ചെയ്തിട്ടുണ്ട്. ഇതോടെ ഈ റൂട്ടിൽ ജോലി ചെയ്യാൻ കെഎസ്ആർടിസി ജീവനക്കാർക്കും ഉത്സാഹമാണ്.
കൊല്ലം ഡിപ്പോയിലെ ബസ്
നിലവിൽ കൊല്ലം ഡിപ്പോയിലെ ബസാണ് സർവീസ് നടത്തുന്നത്. കൊല്ലം സ്റ്റാൻഡിൽ നിന്ന് ബസ് ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് 5.05ന് യാത്ര തുടങ്ങി രാത്രി 8.45ന് കോഴഞ്ചേരിയിൽ. അവിടെ ബസ് സ്റ്റേ ചെയ്യും. പിറ്റേ ദിവസം പുലർച്ചെ 5.05ന് യാത്ര ആരംഭിക്കും. തിരുവനന്തപുരത്ത് 7.45ന് എത്തും. അവിടെ നിന്ന് കരുനാഗപ്പള്ളിയിലേക്ക് ട്രിപ്പ്. തിരികെ തിരുവനന്തപുരവും അവിടെ നിന്ന് കൊല്ലത്തേക്കും. ഉച്ചയ്ക്ക് 12.30ന് കൊല്ലം എത്തുന്നതോടെ ഒരു ദിവസത്തെ ഡ്യൂട്ടി കഴിയും.