d

സ‌ർക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ മാസങ്ങളോളം മുടങ്ങിയപ്പോൾ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ

മറിയക്കുട്ടിയെ എങ്ങനെ മറക്കും? അത്തരം പതിനായിരക്കണക്കിന് മറിയക്കുട്ടിമാർ മറ്റുള്ളവർക്കു മുമ്പിൽ കൈ

നീട്ടാതെ കഞ്ഞി കുടിച്ചു പോകുന്നതും, മരുന്നു വാങ്ങുന്നതും സർക്കാരിൽ നിന്ന് പ്രതിമാസം കിട്ടുന്ന 1600 രൂപ കൊണ്ടാണ്. 600 രൂപയായിരുന്ന പെൻഷൻ പിണറായി സർക്കാർ 1600 രൂപ വരെയാക്കിയതും വലിയ മുടക്കമില്ലാതെ ഇപ്പോൾ നൽകിവരുന്നതും വൃദ്ധ ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ആ പിച്ചച്ചട്ടികളിൽ കൈയിട്ടു വാരുന്നവരെ തെണ്ടികളെന്നോ, ഇരപ്പനെ തുരക്കുന്നവരെന്നോ ഒക്കെയാവും പലർക്കു വിളിക്കാൻ തോന്നുക. അത്തരക്കാർ,​ പതിനായിരങ്ങൾ മുതൽ ലക്ഷത്തിലേറെ രൂപ വരെ പ്രതിമാസം ശമ്പളമോ പെൻഷനോ വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരായാലോ! അവരെ എന്തു വിളിക്കണം?

ഉണ്ണാൻ കൈനിറയെ കിട്ടിയിട്ടും കാലങ്ങളായി സർക്കാരിനെ പറ്റിച്ച് ഈ തുക കൂടി സൂത്രത്തിൽ

കൈക്കലാക്കുകയും, പാവപ്പെട്ടവന്റെ ഉള്ള കഞ്ഞിയിൽ പാറ്റയിടുകയും ചെയ്യുന്നവരിൽ നിന്ന് കൈപ്പറ്റിയ പണം പലിശ സഹിതം തിരിച്ചുപിടിക്കുമെന്നാണ് അധികാരികൾ പറയുന്നത്. അത്തരക്കാരെ ഇനി സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന് മറ്റൊരു പക്ഷം. ഇതിലും ഭേദം നാണവും ഉളുപ്പുമില്ലാത്ത ഇവരും പിച്ചച്ചട്ടിയെടുത്ത് തെരുവിൽ തെണ്ടാനിറങ്ങുന്നതാണെന്നാണ് മറിയക്കുട്ടിയുടെ വാദം! ലക്ഷങ്ങൾ വിലവരുന്ന ബി.എം.ഡബ്ലിയു ഉൾപ്പെടെയുള്ള ആ‌ഡംബര കാറുകളും, 2000 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള കൂറ്റൻ വസതികളും സ്വന്തമായുള്ളവർ വരെ വർഷങ്ങളായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തൽ.

കോളേജ് അദ്ധ്യാപകർ ഉൾപ്പെടെയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരും ഹയർ സെക്കൻഡറി അദ്ധ്യാപകരും ആദായ നികുതി നൽകുന്നവരും വീട്ടിൽ എ.സിയുള്ളവരും സർവീസ് പെൻഷൻകാരും രണ്ടേക്കറിൽ കൂടുതൽ ഭൂമിയുള്ളവരും ഉൾപ്പെടെ തട്ടിപ്പുകാരുടെ പട്ടികയിലുണ്ടത്രെ!. താത്കാലിക, കരാർ ജീവനക്കാരും കൂട്ടത്തിലുണ്ട്. മലപ്പുറം കോട്ടയ്ക്കലിലെ ഏഴാം വാർഡിൽ മാത്രം സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന 42 പേരിൽ 38 പേരും അനർഹർ! തദ്ദേശ സ്ഥാപനങ്ങൾ വഴിയാണല്ലോ ഇവരൊക്കെ അപേക്ഷ നൽകുന്നത്. പരിശോധന നടത്തി ഗുണഭോക്താക്കളെ നിശ്ചയിക്കാനും സംവിധാനമുണ്ട്. പോരാത്തതിന്, ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വർഷംതോറും മസ്റ്ററിംഗും. എന്നിട്ടും, ഇത്തരക്കാർ നിർബാധം പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ കള്ളത്തിന് കൂട്ടു നിൽകുന്നവരും കള്ളന്മാരല്ലേ? അവരെയും പിടികൂടണ്ടേ?

പതിനായിരത്തിലേറെപ്പേർ അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ പലിശ സഹിതം തിരിച്ചു പിടിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തിൽ ക്രിമിനൽ കേസെടുത്ത് ഇവർക്കെതിരെ

അന്വേഷണം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അപ്പോൾ, ഇവർ വ്യാജരേഖകൾ ചമച്ചത് എങ്ങനെയെന്നും, അതിന് ആരൊക്കെ കൂട്ടുനിന്നെന്നും എങ്ങനെ കണ്ടെത്തും. അനർഹ പെൻഷൻകാരുടെ പട്ടികയും സർക്കാർ പുറത്തുവിടുന്നില്ല. അപ്പോൾ, അന്വേഷണവും നടപടിയും ഏതുവരെ നീളും?​ വേണ്ടപ്പെട്ടവരിലേക്കു നീളുമ്പോൾ അന്വേഷണം നിലയ്ക്കുമോ? കണ്ടറിയണം. അണ്ടിയോട് അടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിപ്പ് അറിയൂ!

 

പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസും എന്നാണ് ചില കോൺഗ്രസ് നേതാക്കളെ സി.പി.എം സഖാക്കൾ

പരിഹസിച്ചിരുന്നത്. പിന്നീട് ഒരു ഘട്ടത്തിൽ ദേശീയതലത്തിൽ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ കോൺഗ്രസിൽ നിന്ന്

ബി.ജെ.പിയിലേക്കുള്ള ഒഴുക്കായി. കേരളത്തിൽ ലീഡർ കെ. കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാലും,

എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയുമൊക്കെ ഇങ്ങനെ അക്കരപ്പച്ച തേടിയവരാണ്.എന്നാൽ, കേരളത്തിൽ ഇപ്പോൾ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് തിരിച്ചൊഴുക്കാണ്. ബി.ജെ.പി സംസ്ഥാന നേതാവും പാർട്ടി വക്താവുമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാലു നാൾ മുമ്പ്.

അതിനു പിന്നാലെ, ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ഇടഞ്ഞുനിൽക്കുന്ന ബി.ജെ.പി കൗൺസിലർമാ‌ർക്കായി കോൺഗ്രസ് നേതാക്കൾ ചാക്കുമായി ഇറങ്ങിയിട്ടുണ്ടെന്നാണ് കേൾവി. സന്ദീപ് വാര്യരെ മുന്നിൽ നിറുത്തിയാണ് വലവീശൽ. സന്ദീപ് വാര്യരെ വീഴ്ത്താൻ സി.പി.എമ്മും കെണിവച്ചതാണ്. പക്ഷേ, 'കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി..." കിട്ടിയാൽ ഊട്ടി. അല്ലെങ്കിൽ ചട്ടി!

 

പാർട്ടിയുടെ പ്രാദേശിക തലങ്ങളിൽ പൊട്ടിത്തെറിയിലേക്കു കടക്കുന്ന 'പാളയത്തിൽപ്പടകൾക്ക്" ശമനം വരുത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് ഓടിനടന്ന് കാൽ കുഴയുന്നു. കരുനാഗപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ ബന്ദികളാക്കി,​ 'കാട്ടുകള്ളന്മാരിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ" ആവശ്യപ്പെട്ട് ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് സഖാക്കളുടെ പ്രകടനം. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇ.എം.എസ് സമാരകം എന്ന പേരിൽ ബദൽ പാർട്ടി ഓഫീസ് തുറന്ന് വിമത സംഘം. ഒരേ സമയം 'അവിടെ കല്യാണം... ഇവിടെ പാലു കാച്ച്" എന്ന സ്ഥിതി!

അതിനിടെയാണ് കായംകുളത്തെ മുൻ ഏരിയാ കമ്മിറ്റി അംഗം കൂടിയായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം വിപിൻ സി. ബാബുവിന്റെ ബി.ജെ.പി പ്രവേശം. സി.പി.എമ്മിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടെന്നാണ് പുള്ളിയുടെ കണ്ടുപിടിത്തം. അപ്പോൾ ഇനി പറ്റിയത് ബി.ജെ.പി തന്നെ. ഭാര്യയുടെ പീഡന പരാതിയിൽ തരംതാഴ്ത്തപ്പെട്ട വിപിൻ രണ്ടു വർഷമായി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് പാർട്ടിയുടെ വിശദീകരണം.

 

ഒരിടവേളയ്ക്കു ശേഷം ഗവർണർ ആശാൻ വീണ്ടും കളി തുടങ്ങി. സർവകലാശാലകളുടെ ചാൻസലറെന്ന നിലയിലുള്ള തന്റെ അധികാരം സർക്കാർ കവരുന്നത് അദ്ദേഹത്തിന് പണ്ടേ ഇഷ്ടമല്ല. കിട്ടിയ അവസരങ്ങളിലെല്ലാം വൈസ് ചാൻസലർ, സെനറ്റ് നിയമനങ്ങളിൽ സർക്കാരിനെ വെട്ടി തന്റെ അധികാരം ഉപയോഗിച്ചിട്ടുമുണ്ട്. ഇടയ്ക്ക് ചാൻസലറുടെ അധികാരം കവരുന്ന ബിൽ നിയമസഭ പാസാക്കി അയച്ചുകൊടുത്തതും ഗവർണർക്ക്. ആ ബില്ലിന്റ ഗതി ചിന്ത്യം. സ്വയം വെടിവച്ച് മരിക്കാൻ തോക്ക് പൊതിഞ്ഞു കൊടുത്തുവിടുന്നതു പോലെ!

സംസ്ഥാന സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സർക്കാർ പാനലുകൾ വെട്ടി താത്കാലിക വി.സിമാരെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതാണ് ഒടുവിലത്തെ അടവ്. കഴിഞ്ഞ സെപ്തംബറിൽ അഞ്ചുവർഷ കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാനെ ഒന്നുകിൽ പറഞ്ഞു വിടണം; അല്ലെങ്കിൽ പുനർനിയമനം നൽകണം- രണ്ടും ചെയ്യാതെയുള്ള മോദി സർക്കാരിന്റെ കളി ഇനി എത്ര നാൾ തുടരുമെന്നാണ് പിണറായി സഖാവിന്റെ ചോദ്യം.

 

ബി.ജെ.പിയെ അപമാനിക്കാൻ ശ്രമിക്കുന്ന ഒരു മാദ്ധ്യമ പ്രവർത്തകനെയും എത്ര കൊമ്പത്തിരുന്നാലും വെറുതെ വിടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാർട്ടിയെ കരി വാരിത്തേയ്ക്കുന്ന നെറികേട് കാട്ടുന്നവരെ കൈകാര്യം ചെയ്യുമെന്നും ഭീഷണി. പാർട്ടി കമ്മിറ്റികളിൽ എതിരാളികളോട് പറയാൻ ധൈര്യമില്ലാത്തതിനാൽ പത്രക്കാരുടെ മെക്കിട്ടു കയറൽ... അങ്ങാടിയിൽ തോറ്റതിന് അമ്മയോട്!

നുറുങ്ങ്:

സർവകലാശാലകളിൽ തന്നിഷ്ടം പോലെ നിയമനം തുടർന്നാൽ സംഘടനയുടെ ചൂട് ഗവർണർ അറിയുമെന്ന് എസ്.എഫ്.ഐ നേതാക്കൾ

@ കാറിൽ നിന്നിറക്കി,​ റോഡിൽ കസേരയിലിരുത്തി വീണ്ടും വെയിൽ കൊള്ളിക്കാനാണോ പരിപാടി? പൊലീസ് വരുമ്പോൾ അന്നത്തെപ്പോലെ പേടിച്ചോടുമോ?

(വിദുരരുടെ ഫോൺ: 99461 08221)