baby

ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം സംസ്ഥാനമൊട്ടാകെ ചർച്ചയായിരിക്കുകയാണ്. കുഞ്ഞിന്റെ ചെവിയും കണ്ണുമുള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കൈക്കും കാലിനും വളവുണ്ട്. ഗർഭകാലത്ത് പലതവണ സ്‌കാനിംഗ് നടത്തിയിട്ടും ഇതൊന്നും കണ്ടെത്താനായില്ലെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതി.

ഇതുമായി ബന്ധപ്പെട്ട് കൊല്ലം വിക്ടോറിയ വനിത - ശിശു ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. എൻ.ആർ. റീനയുടെ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സാധാരണ ഗതിയിൽ, ഗർഭധാരണം നടക്കുന്നതിൽ ശരാശരി 85% സ്ത്രീകൾക്ക് മാത്രമാണ് പൂർണ്ണവളർച്ചയെത്തി പ്രസവിക്കാൻ കഴിയുക. അതായത് പല കാരണങ്ങളാൾ 15 ശതമാനത്തോളം കുഞ്ഞുങ്ങളെ പ്രസവത്തിന് മുമ്പ് തന്നെ നമുക്ക് നഷ്ടപ്പെടുന്നുവെന്നും അതിൽ പ്രധാനം കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങളാണെന്നും ഡോക്ടർ പറയുന്നു.

അമേരിക്കൻ ജേർണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 50% മുതൽ 60% വരെയുള്ള ജനന വൈകല്യങ്ങളാണ് നമുക്ക് മുൻകൂട്ടി കണ്ടെത്താൻ കഴിയുകയെന്ന് ഡോക്‌ടർ വ്യക്തമാക്കി. ഒരു വികസിത രാജ്യമായ അമേരിക്കയിൽ പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇത് എന്നത് നാം ഓർക്കണം. Ultra sound in Obstetrics and gynecology പുറത്തു വിട്ട മറ്റൊരു പഠനത്തിൽ ഗുരുതരമായ വൈകല്യങ്ങളാണെങ്കിൽ 71.4 % വരെ കണ്ടെത്താൻ കഴിയുമെന്ന് കാണിക്കുന്നുവെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ ജനിച്ച കുഞ്ഞുങ്ങളിൽ ഉണ്ടായ വൈകല്യങ്ങൾ ആണല്ലോ രണ്ടു ദിവസമായി പ്രൈം ടൈം ന്യൂസ്. സാധാരണ ഗതിയിൽ, ഗർഭധാരണം നടക്കുന്നതിൽ ശരാശരി 85% സ്ത്രീകൾക്ക് മാത്രമാണ് പൂർണ്ണവളർച്ചയെത്തി പ്രസവിക്കാൻ കഴിയുക. അതായത് പല കാരണങ്ങളാൾ 15 ശതമാനത്തോളം കുഞ്ഞുങ്ങളെ പ്രസവത്തിന് മുമ്പ് തന്നെ നമുക്ക് നഷ്ടപ്പെടുന്നു. അതിൽ പ്രധാനം കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങളാണ്.

ഇനി പ്രസവം നടന്നു കഴിഞ്ഞാൽ ഉള്ള കാര്യങ്ങൾ നോക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 33 പ്രസവം നടക്കുമ്പോൾ അതിൽ ഒരു കുഞ്ഞിന് വൈകല്യം ഉള്ളതായി കാണപ്പെടുന്നു . അതായത് 3% കുട്ടികളിൽ ജന്മനാ വൈകല്യങ്ങൾ കാണപ്പെടുന്നു. ഇതിൽ എത്രത്തോളം വൈകല്യങ്ങൾ നമുക്ക് മുൻകൂട്ടി കണ്ടെത്താൻ കഴിയും എന്നതിനും വ്യക്തമായ കണക്കുകൾ ഉണ്ട്. അമേരിക്കൻ ജേർണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 50% മുതൽ 60% വരെയുള്ള ജനന വൈകല്യങ്ങളാണ് നമുക്ക് കണ്ടെത്താൻ കഴിയുക. ഒരു വികസിത രാജ്യമായ അമേരിക്കയിൽ പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇത് എന്നത് നാം ഓർക്കണം. Ultra sound in Obstetrics and gynecology പുറത്തു വിട്ട മറ്റൊരു പഠനത്തിൽ ഗുരുതരമായ വൈകല്യങ്ങളാണെങ്കിൽ 71.4 % വരെ കണ്ടെത്താൻ കഴിയുമെന്ന് കാണിക്കുന്നു. എന്നാൽ പോലും വൈകല്യങ്ങളുള്ള 100 കുഞ്ഞുങ്ങളിൽ 28 പേരിലും നമുക്ക് പ്രസവത്തിന് മുമ്പ് ആ വൈകല്യം കണ്ടെത്താൻ കഴിയില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം നാല് ലക്ഷത്തോളം പ്രസവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. അതായത് പ്രതിദിനം ആയിരത്തിലധികം പ്രസവങ്ങൾ നടക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ ആയിരം പ്രസവം നടക്കുമ്പോഴും

മുപ്പതിലധികം കുഞ്ഞുങ്ങളാണ് വൈകല്യങ്ങളോടെ ജനിക്കാൻ സാദ്ധ്യതയുള്ളത്. ഇതിൽ ഓരോ സംഭവവും ചികിത്സാ പിഴവ് എന്ന പേരിൽ മാദ്ധ്യമ വിചാരണയ്‌‌ക്ക് വിധേയമാക്കപ്പെട്ടേക്കാം എന്ന ചിന്ത ഒരു പക്ഷേ കേരളത്തിലെ മിക്ക ഗൈനക്കോളജിസ്റ്റുമാരുടെയും മനസിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ കടന്നു പോയിട്ടുണ്ടാകാം.

കൈകൾക്ക് ചലന ശേഷി കുറഞ്ഞ കുഞ്ഞിൻ്റെ കാര്യമാണ് അടുത്തത്.

എന്താണ് എർബ്സ് പാൽസി ?

പ്രസവ സമയത്ത് കുഞ്ഞിൻ്റെ തല പുറത്തു വന്നതിനു ശേഷം കഴുത്തിന് താഴേക്കുള്ള ഭാഗങ്ങൾ, സാധാരണയായി സ്വമേധയാ പുറത്തു വരേണ്ടതാണ് . എന്നാൽ അപൂർവ്വം ചില പ്രസവങ്ങളിൽ കുഞ്ഞിൻ്റെ ഉടൽ പുറത്തു വരാൻ കാലതാമസം ഉണ്ടാകുന്നു. തല പുറത്തു വന്നതിനു ശേഷം 90 സെക്കൻ്റിനുള്ളിൽ കുഞ്ഞ് പൂർണ്ണമായി പുറത്തു വന്നില്ലായെങ്കിൽ ഷോൾഡർ ഡിസ്റ്റോഷിയ എന്ന അവസ്ഥ ഉള്ളതായി മനസ്സിലാക്കുകയും , ആ അവസ്ഥയിൽ പ്രസവം നടത്തേണ്ട മാർഗ്ഗങ്ങൾ അവലംബിക്കുകയും ചെയ്യുക എന്നതാണ് ശാസ്ത്രീയമായി ലോകമെമ്പാടും സ്വീകരിച്ചിരിക്കുന്ന രീതി. അങ്ങനെ പ്രസവം നടത്തുമ്പോൾ കുഞ്ഞിൻ്റെ കൈകളിലേക്കുള്ള ഞരമ്പുകളിൽ വലിവ് സംഭവിക്കാനും, കൈകളുടെ ചലന ശേഷിയെ ബാധിക്കുന്ന എർബ്സ് പാൽസി എന്ന അവസ്ഥയിൽ എത്താനും സാധ്യതയുണ്ട്. ഈ അവസ്ഥ മുൻകൂട്ടി മനസ്സിലാക്കാൻ നൂതന സങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ പോലും എല്ലായ്പോഴും കഴിയാറില്ല.

വികസിത രാജ്യമായ അമേരിക്കയിലെ , എല്ലുരോഗവിദഗ്ദ്ധരുടെ സംഘടന (American Association of Orthopaedics) പുറത്തു വിട്ട കണക്കുകൾ പ്രകാരം, 2000 പ്രസവങ്ങൾ നടക്കുമ്പോൾ ഏതാണ്ട് മൂന്ന് കുട്ടികളിൽ വരെ ഉണ്ടാകാൻ സാദ്ധ്യതയുള്ള വൈകല്യമാണ് എർബ്സ് പാൽസി എന്നത്.

ഈ AI യുഗത്തിൽ കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ നിമിഷങ്ങൾക്കകം ഓരോ ആളിനും ഈ കണക്കുകൾ എല്ലാം കണ്ടെത്താൻ കഴിയുന്നതാണ്.

വിരൽ തുമ്പിൽ ഏത് അറിവും നിമിഷങ്ങൾക്കകം ലഭിക്കുന്ന ഈ കാലഘട്ടത്തിൽ പോലും, യാഥാർത്ഥ്യം മനസ്സിലാക്കാൻ ഒരു നിമിഷം മാറ്റി വക്കാതെ , കാള പെറ്റു എന്നു കേൾക്കുന്നതിനു മുമ്പ് കയറെടുക്കുന്ന, നിരുത്തരവാദപരമായ മാദ്ധ്യമ പ്രവർത്തനത്തോട് അല്ലെങ്കിൽ പ്രവവർത്തകരോട് സഹതാപം മാത്രം .

ഈ വാർത്ത ശ്രവിക്കുന്ന , പ്രസവ ചികിത്സാ രംഗത്തുള്ള ഒരോ ആളിൻ്റെയും മനസ്സിൽ, നിങ്ങൾ വാരി എറിയുന്ന ഈ കനലുകൾ ഒത്തിരി നെരിപ്പോടുകൾ സൃഷ്ടിക്കും. ആയിരത്തോളം പ്രസവങ്ങൾ എങ്കിലും എടുത്തിട്ടുള്ള ഗൈനക്കോളജിസ്റ്റുമാരിൽ ഒരാൾ പോലും എർബ്സ് പാൽസി എന്ന സങ്കീർണ്ണത അഭിമുഖീകരിക്കാതെ ഇരുന്നിട്ടുണ്ടാവില്ല. പ്രസവ ചികിത്സാരംഗത്തു പ്രവർത്തിക്കുന്ന ഒരാളിനു പോലും ഈ സങ്കീർണ്ണത, തൻ്റെ തൊഴിൽ ജീവിതത്തിൽ ഇനി ഉണ്ടാകില്ല എന്നു പറയാനും കഴിയില്ല. ഒരു പക്ഷേ തൻ്റെ മുന്നിലെത്തുന്ന രോഗികളിൽ 100 % ഗർഭിണികളിലും സിസേറിയൻ ശസ്ത്രക്രീയ ചെയ്താൽ പോലും അപൂർവ്വമായി എർബ്സ് പാൽസി ഉണ്ടാകാം.

വാർത്തകളിലെ യാഥാർത്ഥ്യം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണല്ലോ മാധ്യമ ധർമ്മം എന്നു പറയുന്നത്. വ്യക്തികളുടെ വൈകാരികതയെ മുതലെടുക്കുന്ന Sensational Journalism എന്നത് ഇന്ന് മലയാളി നേരിടുന്ന ഒരു വൻ വിപത്തു തന്നെയാണ്. Responsible journalism എന്നതിൻ്റെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമ പ്രവർത്തക സമൂഹത്തെ നവകേരളത്തിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് പ്രത്യാശിക്കുന്നു.