donald-trump

വാഷിംഗ്‌ടൺ: അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഡോളറിന് പകരം മറ്റ് കറൻസികളെ ആശ്രയിച്ചാൽ കടുത്ത നടപടിയിലേയ്ക്ക് പോകുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൂറ് ശതമാനം നികുതിയെന്ന മുന്നറിയിപ്പാണ് ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്‌സ് രാഷ്ട്രങ്ങൾക്ക് ട്രംപ് നൽകുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിലുള്ളത്. ഈജിപ്‌ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെയും ഇപ്പോൾ ബ്രിക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രിക്‌സ് രാഷ്ട്രങ്ങൾ യുഎസ് ഡോളറിന് പകരം മറ്റ് കറൻസിയെ പിന്തുണയ്ക്കുകയോ പുതിയ കറൻസി നിർമിക്കുകയോ ചെയ്താൽ നൂറ് ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന ബ്രിക്‌സ് സമ്മേളനത്തിൽ ഡോളർ ഇതര ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക കറൻസികൾ ശക്തിപ്പെടുത്തണമെന്നും ച‌ർച്ച ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

'ഡോളറിൽ നിന്ന് അകലാനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ ശ്രമം ഞങ്ങൾ നോക്കി നിൽക്കുന്ന കാലം കഴിഞ്ഞു. യുഎസ് ഡോളറിന് പകരം മറ്റ് കറൻസിയെ പിന്തുണയ്ക്കുകയോ പുതിയ കറൻസി നിർമിക്കുകയോ ചെയ്താൽ നൂറ് ശതമാനം നികുതി നേരിടേണ്ടതായി വരും. മാത്രമല്ല, യുഎസ് സമ്പദ്‌വ്യവസ്ഥയിൽ കച്ചവ‌ടം നടത്തുന്നതിന് വിടപറയുകയും ചെയ്യാം. അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിൽ ബ്രിക്‌സ് രാഷ്ട്രങ്ങൾ യുഎസ് ഡോളറിനെ പകരം വയ്ക്കാൻ സാദ്ധ്യതയില്ല. ഏതെങ്കിലും രാജ്യം അതിന് ശ്രമിച്ചാൽ അമേരിക്കയോട് വിട പറഞ്ഞിരിക്കണം'- ട്രംപ് വ്യക്തമാക്കി.