
അഹമ്മദാബാദ്: പറഞ്ഞത് അനുസരിക്കാത്ത മകളെ പ്രഷർകുക്കർ കൊണ്ട് തലയ്ക്കടിച്ചുകൊന്ന പിതാവ് അറസ്റ്റിലായി. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഹിതാലി പർമർ എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടുജോലി ചെയ്യാതെ മൊബൈൽഫോണിൽ ഗെയിം കളിച്ചു എന്നാരോപിച്ചായിരുന്നു അരുംകൊല. പെൺകുട്ടിയുടെ അമ്മ ഗീതാബെൻ നൽകിയ പരാതിയിലാണ് പിതാവ് മുകേഷിനെ പൊലീസ് അറസ്റ്റുചെയ്തത്.
പൊലീസ് പറയുന്നത്
മുകേഷ്-ഗീത ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണ്. ഹിതാലിയുടെ സഹോദരിയും അമ്മ ഗീതയും സംഭവദിവസം രാവിലെ ജോലിക്കുപോയിരുന്നു. വീട്ടുജോലിചെയ്യണമെന്ന് ഹിതാലിയോടെ പറഞ്ഞിട്ടാണ് ഇവർ പോയത്. അസുഖം കാരണം മുകേഷ് അന്ന് ജോലിക്കുപോയിരുന്നില്ല. ഗെയിം കളിച്ചിരുന്ന ഹിതാലിയോട് വീട്ടുജോലികൾ പെട്ടെന്ന് ചെയ്തുതീർക്കാൻ മുകേഷ് ആവശ്യപ്പെട്ടു. എന്നാൽ ഇത് ശ്രദ്ധിക്കാതെ കളി തുടർന്നു. ഇതുകണ്ട് കലികയറിയ മുകേഷ് അടുത്തുണ്ടായിരുന്ന പ്രഷർകുക്കറെടുത്ത് മകളുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പലതവണ ആഞ്ഞടിച്ചു. കരച്ചിൽകേട്ട് പതിമൂന്നുകാരിയായ സഹോദരി ഓടിയെത്തുമ്പോഴേക്കും രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ഹിതാലി. വിവരമറിഞ്ഞ് ഓടിയെത്തിയ ഗീത മകളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനില്ല.
തലയ്‌ക്കേറ്റ അടിയായിരുന്നു മരണകാരണം എന്നാണ് പൊലീസ് പറയുന്നത്.അടിയേറ്റ് തലയോട്ടി തകർന്നിരുന്നു. ജോലിചെയ്യാൻ പറഞ്ഞതിനെത്തുടർന്ന് പിതാവും മകളും തമ്മിൽ കടുത്ത വഴക്കുണ്ടായി എന്നും പൊലീസ് പറയുന്നുണ്ട്. അറസ്റ്റിലായ മുകേഷിനെ റിമാൻഡ് ചെയ്തു. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.