
ആരാധകർ ഏറെ കാത്തിരുന്ന സിനിമാ വിശേഷമെത്തി. മലയാള സിനിമാലോകം കണ്ണുനട്ട് കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. ഇന്ന് പുലർച്ചെ 5.35ന് മലമ്പുഴ റിസർവോയറിൽ വച്ച് അവസാന ഷോട്ടും ചിത്രീകരിച്ചുകഴിഞ്ഞതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. ഇനി 117ാം ദിവസം തിയേറ്ററിൽ കാണാമെന്നും താരം സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ പറഞ്ഞു. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലും ചിത്രീകരണം അവസാനിച്ച വിവരം പങ്കുവച്ചിട്ടുണ്ട്. 'എട്ട് സംസ്ഥാനങ്ങളും നാല് രാജ്യങ്ങളും ഉൾപ്പെടുന്ന 14 മാസത്തെ അവിസ്‌മരണീയമായ യാത്ര. പൃഥ്വിരാജ് സുകുമാരന്റെ മികച്ച സംവിധാനമാണ് ചിത്രത്തിന്റെ മാന്ത്രികതയ്ക്ക് കടപ്പെട്ടിരിക്കുന്നത്. ഈ സിനിമയുടെ കാതൽ രൂപപ്പെടുത്തുന്ന ദർശനാത്മകമായ കഥപറച്ചിലിന് മുരളി ഗോപിക്ക് വലിയ നന്ദി. ഈ പ്രോജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആന്റണി പെരുമ്പാവൂരിനും വിലമതിക്കാനാകാത്ത പിന്തുണ നൽകിയ സുഭാസ്‌കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി'- താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
2019 മാർച്ച് 28നായിരുന്നു എമ്പുരാന്റെ ഒന്നാം ഭാഗമായ ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അബ്രാം ഖുറേഷിയായും സ്റ്റീഫൻ നെടുമ്പള്ളിയായും എത്തുന്നു. സയദ് മസൂദായി പൃഥ്വിരാജും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, ശക്തി കപൂർ, ഇന്ദ്രജിത്ത്, സായ്‌കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
മുരളി ഗോപി ആണ് രചന. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ദീപക് ദേവ്. അസോസിയേറ്റ് ഡയറക്ടർ വാവ, ക്രിയേറ്റീവ് ഡയറക്ടർ നിർമൽ സഹദേവ്, പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്‌ക്കൽ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.