
ഹൈദരാബാദ്: തെലങ്കാനയിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്ര് നേതാവ് പാപ്പണ്ണ എന്ന ഭദ്രുവും കൊല്ലപ്പെട്ടതായി
പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ 5.30ഓടെ ചൽപാക വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തിൽ മാവോയിസ്റ്റുകളുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും മാവോയിസ്റ്റ് വിരുദ്ധ സേനയും മേഖലയിൽ തമ്പടിക്കുകയും തെരച്ചിൽ നടത്തുകയുമായിരുന്നു. ഇതിനിടെ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയും സേന തിരിച്ചടിക്കുകയും ചെയ്തു. എ.കെ 47 ഉൾപ്പടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പൊലീസിന് വിവരം നൽകി എന്ന് ആരോപിച്ച് ഒരാഴ്ച മുൻപ് മേഖലയിൽ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു.
സി.പി.ഐയുടെ (മാവോയിസ്റ്റ്) യെല്ലണ്ടു നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡറും തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഭദ്രു.
കുർസം മാംഗു എന്നും ഇയാൾ അറിയപ്പെടുന്നു. എഗോലാപ്പു മല്ലയ്യ (43), മുസക്കി ദേവൽ (22), മുസക്കി ജമുന (23), ജയ് സിങ് (25), കിഷോർ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മാവോയിസ്റ്റുകൾ. മുലുഗുവിൽ സമീപ വർഷങ്ങളിൽ നടക്കുന്ന വലിയ മാവോയിസ്റ്റ് ഏറ്റുമുട്ടലാണിത്.
രണ്ടാഴ്ച മുമ്പ് ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ പൊലീസ് വധിച്ചിരുന്നു. ഛത്തീസ്ഗഢിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തെലങ്കാനയിൽ കൂടുതൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.
ആന്ധ്രയുടെ നോട്ടപ്പുള്ളി
ആന്ധ്ര ഒഡീഷ ബോർഡർ- മാവോയിസ്റ്റുകൾ (എ.ഒ.ബി ) എന്ന് സുരക്ഷാ സേന വിളിക്കുന്ന ഗ്രൂപ്പിലെ അപകടകാരിയായിരുന്നു പാപ്പണ്ണ. പൊലീസ് രേഖകൾ പ്രകാരം 61 വയസ്സാണ്. പതിയിരുന്നുള്ള 'ഗറില്ല" ആക്രമണ രീതിയാണ്. ആന്ധ്രാ പൊലീസിന്റെ നോട്ടപ്പുള്ളി. 2011 മാർച്ച് 27ന് നടന്ന ഏറ്റുമുട്ടലിനിടെ പാപ്പണ്ണ കീഴടങ്ങി. ജയിൽമോചിതനായ ശേഷം നിരവധി പോരാട്ടങ്ങൾ. ഇതിനിടെ ആന്ധ്രാ പൊലീസ് പാപ്പണ്ണയുടെ തലയ്ക്ക് മൂന്നു ലക്ഷം രൂപ വിലയിട്ടു.
ആന്ധ്രാ വിഭജനത്തിനു ശേഷം തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തനം.