shine-tom-chacko

മലപ്പുറം: എടപ്പാളിൽ സിനിമാ ചിത്രീകരണത്തിനിടെ അപകടം. സിനിമ ചിത്രീകരിക്കുന്നതിനിടെ പൊലീസ് വേഷത്തിലായിരുന്ന നടൻ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പട്രോളിംഗ് ആണെന്ന് കരുതി സ്‌കൂട്ടറിന് ബ്രേക്കിട്ട യുവാവ് തെന്നി വീണാണ് അപകടമുണ്ടായത്.


ഇന്നുരാവിലെ പത്തുമണിയോടെ എടപ്പാൾ പൊന്നാനി റോഡ‌ിലായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ 'സൂത്രവാക്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസ് വേഷത്തിൽ റോഡിനരികിൽ നിൽക്കുകയായിരുന്നു നടൻ. ഇതിനിടെ ഇതുവഴി സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവാവ് പൊലീസ് പട്രോളിംഗ് ആണെന്ന് കരുതി പെട്ടെന്ന് ബ്രേക്കിട്ടു. മഴ പെയ്തതിനാൽ റോഡിൽ വെള്ളമുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതോടെ തെന്നിവീണ യുവാവിന് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ഷൈനും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് നിസാര പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. യുവാവിനൊപ്പം സെൽഫിയും എടുത്താണ് നടൻ മടങ്ങിയത്. അപകടത്തെത്തുടർന്നുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

ഷൈൻ ടോമിന് പുറമെ വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരാണ് സൂത്രവാക്യത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. തെലുങ്കിലെ പ്രമുഖ സിനിമാ നിർമാണ കമ്പനിയായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. പുതുമുഖം യുജീൻ ജോസ് ചിറമ്മേൽ ആണ് തിരക്കഥയും സംവിധാനവും. പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവിന്റേതാണ് കഥ.