
ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡിന് എതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ചേസിംഗിൽ റെക്കാഡിട്ട് ഇംഗ്ളണ്ടിന് എട്ടുവിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സിൽ 104 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് 12.4 ഓവറിൽ രണ്ട് വിക്കറ്റ് ലക്ഷ്യത്തിൽ വിജയം കാണുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം ഇന്നിംഗ്സിൽ 100 റൺസിൽ കൂടുതൽ ഏറ്റവും വേഗത്തിൽ ചേസ് ചെയ്ത് ജയിക്കുന്ന ടീമായാണ് ഇംഗ്ളണ്ട് മാറിയത്. 2017ൽ ഇതേവേദിയിൽ വച്ച് പാകിസ്ഥാനെതിരെ 18.4 ഓവറിൽ 109 റൺസ് മറികടന്നിരുന്ന ന്യൂസിലാൻഡിന്റെ റെക്കാഡാണ് ഇംഗ്ളണ്ട് പഴങ്കഥയാക്കിയത്.
ക്രൈസ്റ്റ്ചർച്ചിൽ ആദ്യ ഇന്നിംഗ്സിൽ 348 റൺസടിച്ച ന്യൂസിലാൻഡിനെതിരെ ഇംഗ്ളണ്ട് 499 റൺസ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാൻഡ് 254ൽ ആൾഔട്ടായതോടെയാണ് ഇംഗ്ളണ്ടിന് വിജയലക്ഷ്യമായി 104 റൺസ് കുറിക്കപ്പെട്ടത്. ആദ്യ ഇന്നിംഗ്സിൽ നാലും രണ്ടാം ഇന്നിംഗ്സിൽ ആറും വിക്കറ്റുകൾ നേടിയ ഇംഗ്ളണ്ടിന്റെ ബ്രണ്ടൻ കാഴ്സാണ് മാൻ ഒഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ തുടങ്ങും.