
മലയാള സിനിമയിൽ 4 കെ ദൃശ്യമികവോടെയും ഡോൾബി അറ്ര് മോസ് ശബ്ദ വിന്യാസത്തോടെയും ചിത്രങ്ങളുടെ പുതുപതിപ്പുകളുടെ റി റിലീസ് കാലം . ദേവദൂതൻ, പാലേരി മാണിക്യം, സ്ഫടികം , മണിച്ചിത്രത്താഴ്, എന്നീ ചിത്രങ്ങൾക്കു പിന്നാലെ മമ്മൂട്ടിയുടെ വല്യേട്ടന്റെയും റി മാസ്റ്റർ പതിപ്പ് ഇറങ്ങി. രജനികാന്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12ന് ദളപതിയുടെ 4 കെ പതിപ്പ് പുറത്തിറങ്ങും. അനശ്വര നടൻ ജയന്റെ മീൻ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റി റിലീസ് ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളായ അമരം, ഒരു വടക്കൻ വീരഗഥ, പഴശ്ശിരാജ, കൗരവർ എന്നീ ചിത്രങ്ങളുടെ റീ റിലീസും പുതുവർഷത്തിൽ ഉണ്ടാകും. മമ്മൂട്ടിക്ക് അംഗീകാരങ്ങൾ നേടികൊടുത്ത ഒരു വടക്കൻ വീരഗാഥ 4 കെ അറ്റ്മോസിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അഴകിയ രാവണൻ, 1921, പട്ടാളം , ബോംബെ മാർച്ച് 12 എന്നീ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്. മോഹൻലാലിന്റെ ഉദയഭാനുവിനെ വീണ്ടും കാണാം. റോഷൻ ആൻഡ്രൂസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ഉദയനാണ് താരമാണ് 4 കെ പതിപ്പിൽ ഒരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. സൂപ്പർ ഡ്യൂപ്പർ ചിത്രങ്ങൾ മാത്രല്ല സാമ്പത്തികമായി പരാജയം നേരിട്ട ചിത്രങ്ങളും റി റിലീസ് ചെയ്യുന്നുണ്ട്.
ദേവദൂതന്റെ റീമാസ്റ്റർ പതിപ്പിന് ലഭിച്ചത് 5.4 കോടിയാണ്. സ്ഫടികം 4.95 കോടിയും മണിച്ചിത്രത്താഴ് 4.4 കോടിയും കളക്ഷൻ നേടി.പഴയതിൽനിന്ന് വ്യത്യസ്തമായി കൂടുതൽ തെളിവോടെയും മിഴിവോടെയും ചിത്രങ്ങൾ കാണാൻ സാധിക്കുന്നു. ഒരു കോടിക്ക് മുകളിൽ ചിലവഴിച്ചാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തിയത്.