
ഇന്ത്യൻ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ നായകനായ പുഷ്പ 2 ദ റൂൾ ആഗോള റിലീസായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും പ്രദർശനത്തിന് എത്തും.
ഡിസംബർ അഞ്ചിന് തെലുങ്ക്, മലയാളം, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഒരുമാസം മുൻപേ കേരളത്തിൽ ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റുതീർന്നു.
കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനം ഉണ്ടാകും. ഇ ഫോർ എന്റർടെയ്ൻമെന്റസാണ് കേരളത്തിൽ വിതരണം. ആദ്യഭാഗം പുഷ്പ ദ റൈസ് രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ആദ്യഭാഗത്തിൽ ഞെട്ടിച്ച അല്ലു അർജുൻ രണ്ടാംഭാഗവും ബോക്സ് ഒാഫീസിൽ പ്രകമ്പനം കൊള്ളിക്കുമെന്നാണ് ആരാധക പ്രതീക്ഷ.
രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിൽ , സുനിൽ, ജഗപതി ബാബു, അനസൂയ ഭരദ്വാജ്, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. മൈത്രി മൂവിമേക്കേഴ്സും സുകുമാർ റൈറ്റിംഗും ചേർന്നാണ് നിർമ്മാണം.