
ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ
കാൻബെറ : രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടന്ന ദ്വിദിന സന്നാഹമത്സരത്തിൽ ആറുവിക്കറ്റിന് വിജയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. മത്സരത്തിന്റെ ആദ്യ ദിനം മഴമൂലം കളിനടന്നിരുന്നില്ള. രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 240 റൺസിൽ ആൾഔട്ടാക്കിയശേഷം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 257 റൺസിലെത്തിയ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. അഡ്‌ലെയ്ഡിൽ ഡേ ആൻഡ് നൈറ്റായാണ് രണ്ടാം ടെസ്റ്റ് നടക്കുന്നതെന്നതിനാൽ സന്നാഹമത്സരവും ഡേ ആൻഡ് നൈറ്റായി പിങ്ക് പന്ത് ഉപയോഗിച്ചാണ് നടത്തിയത്.
ഇന്നലെ രാവിലെയും മഴ പെയ്തതിനാൽ വൈകിത്തുടങ്ങിയ മത്സരം 46 ഓവർ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ രാത്രി ബാറ്റിംഗ് പരിചയത്തിന് വേണ്ടി രാവിലെ ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഓപ്പണർ സാം കോൺസ്റ്റാസിന്റെ സെഞ്ച്വറിയും (107) മദ്ധ്യനിര ബാറ്റർ ജാക് ക്ളേയ്റ്റൺ (40), വാലറ്റക്കാരൻ ഹന്നോ ജേക്കബ്സ് (61) എന്നിവരുടെ മികച്ച പ്രകടനവും ചേർന്നാണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 43.2 ഓവറിൽ 240ലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പേസർ ഹർഷിത് റാണ നാലുവിക്കറ്റും ആകാശ് ദീപ് രണ്ടുവിക്കറ്റും സിറാജ്,പ്രസിദ്ധ് കൃഷ്ണ,വാഷിംഗ്ടൺ സുന്ദർ,രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ യശസ്വി ജയ്സ്വാൾ (45), കെ.എൽ രാഹുൽ (27), ശുഭ്മാൻ ഗിൽ (50), നിതീഷ് കുമാർ റെഡ്ഡി (42), വാഷിംഗ്ടൺ സുന്ദർ (42), രവീന്ദ്ര ജഡേജ (27) എന്നിവർ മികവ്കാട്ടി. രോഹിത് ശർമ്മയ്ക്ക് (3) ഈ ഓസീസ് പര്യടനത്തിലെ ആദ്യ ബാറ്റിംഗ് അനുഭവം പ്രയോജനപ്പെടുത്താനായില്ല. 43-ാം ഓവറിൽ ഇന്ത്യ വിജയലക്ഷ്യം കടന്നെങ്കിലും 46 ഓവറും ബാറ്റ് ചെയ്തശേഷമാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്.
രോഹിത് താഴേക്ക് ഇറങ്ങുമോ ?
അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ഓപ്പണിംഗിന് എത്തിയേക്കില്ലെന്ന സൂചനകൾ നൽകുന്നതായിരുന്നു സന്നാഹമത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ രോഹിത് കളിച്ചിരുന്നില്ല.അവിടെ യശസ്വി ജയ്സ്വാളും ചേർന്നാണ് ഓപ്പണിംഗ് നടത്തിയത്. രണ്ടാം ഇന്നിംഗ്സിൽ ഇരുവരും ചേർന്ന് 201 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇവരെ അടുത്തടെസ്റ്റിലും ഓപ്പണിംഗിന് ഇറക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മുമ്പ് നടന്ന കിവീസിന് എതിരായ പരമ്പരയിൽ ഓപ്പണിംഗിൽ രോഹിതിന് പതിവ് മികവ് പുറത്തെടുക്കാനായിരുന്നില്ല.
സന്നാഹത്തിൽ യശസ്വിയും രാഹുലും ഓപ്പണിംഗിന് എത്തിയപ്പോൾ രോഹിത് ഗില്ലിനും ശേഷം നാലാമനായാണ് ബാറ്റിംഗിന് എത്തിയത്. ഓപ്പണിംഗിൽ രാഹുലും (27), യശസ്വിയും (45) ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. രോഹിതിന് മൂന്ന് റൺസേ നേടാനായുള്ളൂ. അതേസമയം പരിക്കുമൂലം ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്ന ഗിൽ അർദ്ധസെഞ്ച്വറി നേടിയത് ഇന്ത്യയ്ക്ക് ആശ്വാസമായിട്ടുണ്ട്.