
ലക്നൗ: ഷാഹി ജുമാ മസ്ജിദ് സർവേയെ തുടർന്ന് സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ സംഭാൽ സന്ദർശിച്ച്
ജുഡിഷ്യൽ കമ്മിഷൻ. സംഭാൽ ജില്ലാ മജിസ്ട്രേറ്റും (ഡി.എം), എസ്.പിയും ഒപ്പമുണ്ടായിരുന്നു. സ്ഥലം പരിശോധിക്കുകയും പൊലീസ്, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അക്രമം ആസൂത്രിത ഗൂഢാലോചനയാണോ എന്ന് കമ്മിഷൻ അന്വേഷിക്കും. സംഘട്ടനത്തിന് പിന്നിലെ ആളുകളുടെ പങ്ക്, സംഘർഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഉദ്യോഗസ്ഥരുടെ നടപടി ഇവയെല്ലാം
അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കും.
അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരുൾപ്പെട്ടതാണ് കമ്മിഷൻ.
നവംബർ 24നായിരുന്നു സംഘർഷം. മസ്ജിദിൽ കോടതി നിർദ്ദേശിച്ച സർവേയെ എതിർത്തവർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും തുടർന്നുണ്ടായ കല്ലേറിലേറിലും തീവയ്പ്പിലും നാലുപേർ കൊല്ലപ്പെടുകയും ചെയ്തു. സർവേ നടത്താനുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.