chess

ലോകചെസ് ചാമ്പ്യൻഷിപ്പിന്റെ ആറാം റൗണ്ടിൽ ഗുകേഷും ഡിംഗ് ലിറെനും സമനിലയിൽ പിരിഞ്ഞു

ചാമ്പ്യൻഷിപ്പിലെ നാലാം സമനില

ഇരുവർക്കും മൂന്ന് പോയിന്റ് വീതം

ഇന്ന് വിശ്രമദിനം,നാളെ ഗുകേഷ് വെള്ളക്കരുക്കളുമായി ഏഴാം റൗണ്ടിന്

വേൾഡ് സെന്റോസ : സിംഗപ്പൂരിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആറാം റൗണ്ടിൽ സമനില സമ്മതിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷും നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറെനും. കറുത്ത കരുക്കളമായി കളിച്ച ഗുകേഷ് നാലുമണിക്കൂറിലേറെ പൊരുതിയാണ് ലിറെനെ 46-ാം നീക്കത്തിൽ സമനിലയിൽ കുരുക്കിയത്. ഈ ചാമ്പ്യൻഷിപ്പിലെ നാലാമത്തെ സമനിലയാണിത്. മൂന്നാം റൗണ്ടിൽ ഗുകേഷ് ജയിച്ചതിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളും സമനിലയായിരുന്നു. ആദ്യ റൗണ്ടിൽ ലിറെനും മൂന്നാം ഗെയിമിൽ ഗുകേഷും ജയിച്ചിരുന്നു. മറ്റ് മത്സരങ്ങളിലെല്ലാം ഇരുവരും പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.

ഇന്നലെ ക്വീൻ പോൺ നീക്കിയാണ് ഡിംഗ് ലിറെൻ തുടങ്ങിയത്. ലണ്ടൻ സിസ്റ്റം ഗെയിമിലൂടെയാണ് മത്സരം പുരോഗമിച്ചത്. ഇരുവർക്കും സാദ്ധ്യതകൾ ഉണ്ടായിരുന്നെങ്കിലും ഏറെസമയമെടുത്ത് സമനിലയിലേക്ക് നീക്കുകയായിരുന്നു. ആറ്

റൗണ്ടുകൾ പൂർത്തിയായപ്പോൾ ഇരുവർക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. വിശ്രമദിവസമായ ഇന്ന് മത്സരമില്ല. നാളെ ഏഴാം റൗണ്ട് മത്സരത്തിൽ ഗുകേഷിനാണ് വെള്ളക്കരുക്കൾ.

നാല് നല്ല സമനിലകൾ

പ്രബോധ് ചങ്ങനാശേരി

നിലവിലെ ലോക ചാമ്പ്യനെ തുടർച്ചയായി മൂന്ന് തവണ ഉൾപ്പടെ നാല് മത്സരങ്ങളിൽ സമനിലയിൽ പിടിക്കുകയെന്നത് ചെറിയ കാര്യമല്ല. തന്റെ പ്രായത്തോളം പരിചയസമ്പത്തുള്ള ഒരു കളിക്കാരനെയാണ് ഗുകേഷ് ഇന്നലെ കുറുത്ത ക രുക്കളുമായി തളച്ചത്. ഗുകേഷിനെ സംബന്ധിച്ചിടത്തോളം ശുഭസൂചന തന്നെയാണ് നാലു സമനിലകളും നൽകുന്നത്.

ഇന്നലെ ഗുകേഷിന് ആദ്യഘട്ടത്തിൽ ഗെയിം ക്ളോക്കിൽ അൽപ്പം സമയം കുറവായിരുന്നു. ഗുകേഷ് 30-ാം നീക്കത്തിൽ ക്വീൻ a5 കളിച്ചത് അത്ര മികച്ച നീക്കമായിരുന്നില്ല.33-ാം നീക്കത്തിലെ ക്വീൻ f3യും ഉപകാരപ്രദമായിരുന്നില്ല. പക്ഷേ തൊട്ടുപിന്നാലെ 36-ാം നീക്കത്തിൽ ഗുകേഷിന് നേരിയ ഒരു മുൻതൂക്കം ലഭിച്ചിരുന്നു. എന്നാലും മത്സരം അനിവാര്യമായ സമനിലയിലേക്ക് പോയി.ത്രീ ഫോൾഡ് റെപ്പറ്റീഷനിലൂടെയാണ് സമനില നിശ്ചയിക്കപ്പെട്ടത്.

ചൊവ്വാഴ്ച വെള്ള കരുക്കളുമായി കളിക്കാനിറങ്ങുമ്പോൾ ഗുകേഷിന് മാനസകമായ മുൻതൂക്കം നിലനിറുത്താനായാൽ സമനിലയ്ക്ക് അപ്പുറം വിജയത്തിലെത്താനാകുമെന്ന് പ്രതീക്ഷിക്കാം.

( പ്രമുഖ ചെസ് പുസ്തക രചയിതാവാണ് ലേഖകൻ)