തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വയനാട്,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,​ട്യൂഷൻ സെന്ററുകൾ,​പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വയനാട്ടിലെ മോഡൽ റസിഡൻഷൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. കോട്ടയത്ത് കാഞ്ഞിരപ്പള്ളി,മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി,പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇവിടെ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ഈരാറ്റുപേട്ട -വാഗമൺ റോഡിൽ രാത്രികാലയാത്രയും വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ,ഇല്ലിക്കൽ കല്ല്,മാർമല അരുവി,ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നാലുവരെ നിരോധിച്ചു.