
മുംബയ് : കള്ളപ്പണം വെളുപ്പിച്ചെന്ന് പറഞ്ഞ് മുംബയിൽ യുവതിയെ നഗ്നയാക്കുകയും 1.78 ലക്ഷം രൂപ കവരുകയും ചെയ്ത തട്ടിപ്പുസംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ബോറിവാലി ഈസ്റ്റ് സ്വദേശിയായ 26കാരിയിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 1.78 ലക്ഷം രൂപ കവർന്നത്. ഡൽഹി പൊലീസെന്ന വ്യാജേനെയാണ് യുവതിയെ തട്ടിപ്പുസംഘം അറസ്റ്റ് ചെയ്തത്. നവംബർ 19നായിരുന്നു സംഭവം.
ജയിലിൽ കഴിയുന്ന ജെറ്റ് എയർവേയ്‌സ് ചെയർമാൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിൽ യുവതിയുടെ പേരും ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം യുവതിയെ കബളിപ്പിച്ചത്. പിന്നീട് വീഡിയോ കാളിലേക്ക് മാറുകയും ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറയുകയും ചെയ്തു. ചോദ്യം ചെയ്യൽ തുടരുന്നതിനായി യുവതിയോട് ഹോട്ടലിൽ മുരിയെടുക്കാൻ ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനായി 1,78000 രൂപ കൈമാറാൻ പറഞ്ഞു. കൂടാതെ ശാരീരിക പരിശോധനയ്ക്കായി നഗ്നയാകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച യുവതി പിന്നീടാണ് താൻ തട്ടിപ്പിനിരയായെന്ന കാര്യം മനസിലാക്കിയത്. തുടർന്ന് നവംബർ 28ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.