
ഹൈദരാബാദ് : കന്നഡ സിനിമാ സീരിയൽ താരം ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗച്ചിബൗളിയിലെ ശ്രീരാം നഗർ കോളനിയിലെ സി-ബ്ലോക്കിലുള്ള വസതിയിലാണ് ശോഭിതയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്‌പൂർ സ്വദേശിയായ ശോഭിത കന്നഡ സിനിമാലോകത്തെ അറിയപ്പെടുന്ന മുഖമായിരുന്നു. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
അവതാരകയായി ആയിരുന്നു ശോഭിത കാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് അഭിനയത്തിലേക്ക് ചുവടു മാറി, ഗാലിപത, മംഗള ഗൗരി, കോഗിലേ, ബ്രഹ്മഗന്തു, കൃഷ്ണ രുക്മിണി, ദീപാവു നിന്നടെ ഗലിയു നിന്നടെ, മനേദേവ്രു തുടങ്ങിയ ജനപ്രിയ ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായി. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ഹൈദരാബാദിലേക്ക് താമസം മാറിയ ശോഭിത തെലുങ്ക് സിനിമയിൽ സജീവമായി വരികയായിരുന്നു. ഇതിനിടെയാണ് മരണം.