
കണ്ണൂർ : സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനും ഭാര്യയും മനസുകൊണ്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ചവരാണെന്ന് ബി,ജെ,പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. അവരെ വീട്ടിൽപോയി കണ്ട് സംസാരിച്ചിരുന്നുവെന്നും ഷാൾ അണിയിച്ചിരുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതാനും ദിവസം മുൻപ് ആലപ്പുഴയിലെ വീട്ടിൽ പോയാണ് സുധാകരനെ നേരിൽ കണ്ടത്. വീടിന്റെ ഗേറ്റിലേക്ക് വന്നാണ്സുധാകരൻ സ്വീകരിച്ചതെന്നും അത് ബി.ജെ.പിക്കുള്ള സ്വീകരണമായിട്ടാണ് കാണുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. വിശിഷ്ട വ്യക്തിത്വങ്ങളെ പോയി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമനുസരിച്ചാണ് കമ്മ്യൂണിസ്റ്റുകാർ യഥാർത്ഥ സഖാവായി കാണുന്ന ജി, സുധാകരനെ വീട്ടിൽ പോയി കണ്ടത്. ഇക്കാര്യം പുറത്തുപറയേണ്ട എന്ന് തീരുമാനിച്ചതാണ്. പക്ഷേ പറയാതെ നിർവാഹമില്ല. ഇത് നടന്നിട്ട് അധിക കാലമൊന്നും ആയില്ല. ജി. സുധാകരനെ വീട്ടിൽ പോയി കണ്ട് ഷാൾ അണിയിക്കുകയും ഏകാത്മ മാനവ ദർശനം എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു. അദ്ദേഹം എന്നെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് അദ്ദേഹത്തിന്റെ പത്നിയുമായി ഒരു മണിക്കൂറോളം സംസാരിച്ചു. മനസു കൊണ്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ചവരാണ് ജി. സുധാകരനും അദ്ദേഹത്തിന്റെ ഭാര്യയും എന്നതിൽ സംശയമില്ല എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ബിജെപി നേതൃത്വം അവധാനത കാണിക്കാതെ കോൺഗ്രസിനെ പോലെയായിരുന്നുവെങ്കിൽ കണ്ണൂരിലെ നേതാവ് ഇ.പി.ജയരാജൻ കട്ടൻചായയും പരിപ്പുവടയും ഉപേക്ഷിച്ച് ഇപ്പോൾ ഇവിടെ ബിജെപിയുടെ വേദിയിൽ ഉണ്ടാകുമായിരുന്നുവെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.