
ന്യൂയോർക്ക്: അമേരിക്കയുടെ പശ്ചിമേഷ്യൻ വിഷയങ്ങളിലെ ഉപദേഷ്‌ടാവായി ലെബനീസ് അമേരിക്കൻ ബിസിനസുകാരനായ മസാദ് ബൗലോസിനെ പ്രഖ്യാപിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ട്രംപ്. അറബ്- പശ്ചിമേഷ്യൻ പ്രശ്‌നങ്ങളിൽ മുതിർന്ന ഉപദേശകനായി മസാദ് ബൗലോസ് പ്രവർത്തിക്കുമെന്ന് ട്രംപ് അറിയിച്ചു.
ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർതൃപിതാവാണ് മസാദ്. അറബ് അമേരിക്കൻ, മുസ്ളീം നേതാക്കളുമായി അദ്ദേഹം ട്രംപിനായി നിരന്തരം ചർച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു ഇത്. രാജ്യത്തെ പ്രധാന അധികാര പദവിയിലേക്ക് മക്കളുടെ ബന്ധുക്കളെ ആരെയെങ്കിലും ട്രംപ് നിയമിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഫ്രാൻസിന്റെ അംബാസിഡറായി മരുമകൻ ജാറെഡ് കുഷ്‌നറുടെ പിതാവും റിയൽ എസ്‌റ്റേറ്റ് വ്യവസായിയുമായ ചാൾസ് കുഷ്‌നറെ ട്രംപ് നിയമിച്ചിരുന്നു. സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം പ്രഖ്യാപനങ്ങൾ നടത്തിയത്.
ലെബനനിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിനിടെ അമേരിക്കയ്‌ക്ക് പിന്തുണയ്‌ക്കായി നിർണായക ചർച്ച നടത്തിയത് മസാദ് ആണ്. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും ലെബനീസ് രാഷ്‌ട്രീയത്തിൽ നിർണായക സ്വാധീനം ഉള്ളയാളുകളാണ്. മസാദിന്റെ ഭാര്യാപിതാവ് ഹിസ്‌ബുള്ളയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
ട്രംപിന്റെ ആദ്യ ടേമിൽ 2022 നവംബറിലായിരുന്നു ടിഫാനിയുടെയും മസാദിന്റെ മകൻ മൈക്കലിന്റെയും വിവാഹം. അതേസമയം ആദ്യ ട്രംപ് ഭരണകൂടത്തിൽ യുഎസ് പ്രതിരോധ വകുപ്പ് മേധാവിയുമായിരുന്ന കാഷ് പട്ടേൽ എഫ്‌ബിഐ ഡയറക്‌ടറായി നിയമിതനായി. ട്രംപിന്റെ വിശ്വസ്തനെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 'അമേരിക്ക ഫസ്റ്റ് ഫൈറ്റർ' എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.