
ആറ്റിങ്ങൽ: സാമ്പാറിലും അവിയലിലും ഇനി മുരിങ്ങക്കയുടെ രുചിയില്ല. മുൻകാലങ്ങളിൽ ഒരിക്കലും ഇല്ലാത്ത വിലയിലാണ് മുരിങ്ങക്ക ഇപ്പോൾ. കിലോയ്ക്ക് 300 രൂപ. വില കൂടിയെങ്കിലും മുരിങ്ങക്ക മാർക്കറ്റിൽ കിട്ടാനുമില്ല. മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറിയുടെ വില കുതിക്കുകയാണ്.
എന്നാൽ, ആരും പ്രതീക്ഷിക്കാത്ത കുതിപ്പാണ് മുരിങ്ങക്കായുടെ വിലയിൽ ഉണ്ടായിരിക്കുന്നത്. മുരിങ്ങക്കയുടെ വില 100 മുതൽ 150 വരെയായിരുന്നു അടുത്ത കാലം വരെ. എന്നാൽ വളരെ പെട്ടെന്നാണ് 300 രൂപയിലേക്കെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള മുരിങ്ങക്കായയുടെ വരവ് കുറഞ്ഞതോടെയാണ് കേരളത്തിൽ ഇത്ര വലിയ വിലക്കയറ്റമുണ്ടായത്. ഉത്തേരേന്ത്യയിൽ നിന്നുള്ള വിലകൂടിയ ഇനം മുരിങ്ങക്കയാണ് ഇപ്പോൾ കേരളത്തിലെ വിപണിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. അര മീറ്ററോളം നീളം വരുന്ന ബറോഡ മുരിങ്ങക്കയാണ് വിപണിയിലെ താരം. ഇതിന് തമിഴ്നാട് ഇനത്തെ അപേക്ഷിച്ച് പച്ചനിറം കൂടുതലാണ്.
സദ്യകൾക്കും സത്കാരങ്ങൾക്കും വിഭവങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഇനമായതിനാലാണ് കുറഞ്ഞ നിലയിലെങ്കിലും മൊത്തക്കച്ചവടക്കാർ മുരിങ്ങക്ക സ്റ്റോക്ക് ചെയ്യുന്നത്. നാടൻ മുരിങ്ങക്കായ വിപണിയിലെത്തിയാൽ വിലയിൽ മാറ്റം പ്രതീക്ഷിക്കാമെന്ന് കച്ചവടക്കാർ പറയുന്നു.