
പ്രതിസന്ധികളെ നേരിടാനാകാതെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഒളിച്ചോടി പോകുന്നവരുടെ കഥകൾ സിനിമകളിലും ജീവിതത്തിലും കണ്ടുതളർന്നവരാണ് നമ്മൾ. എന്നാൽ അത്തരം പ്രതിസന്ധികളെ ജീവിക്കാനുളള ഇന്ധനമായി സ്വീകരിച്ച് ധൈര്യത്തോടെ സമൂഹത്തിന്റെ മുൻപന്തിയിൽ എത്തുന്നവരുമുണ്ട്. എവിടെ നിന്നാണ് അങ്ങനെയുളളവർ ധൈര്യം നേടിയെടുക്കുന്നതെന്ന് നിങ്ങൾ ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ ചോദ്യത്തിനുത്തരം പറയുകയാണ് ആലപ്പുഴക്കാരിയും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫാം നടത്തിപ്പുകാരിയുമായ ശ്രാവന്തിക. കാർഷിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് കേരള സർക്കാരിന്റെ ആദ്യപുരസ്കാരം നേടിയെടുത്ത ആദ്യ ട്രാൻസ്ജെൻഡർ കൂടിയാണ് 31 കാരിയായ ശ്രാവന്തിക.
നാലുവർഷങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലയിലെ മുളക്കുഴ പഞ്ചായത്തിൽ രണ്ടേമുക്കാൽ ഏക്കറിൽ കൃഷി തുടങ്ങിയ ശ്രാവന്തിക ഇന്ന് ഇന്ത്യയൊട്ടാകെയുളള ട്രാൻസ്‌ജെൻഡറുകൾക്ക് പ്രചോദനമായിരിക്കുകയാണ്. അച്ഛനിൽ നിന്നും അപ്പൂപ്പനിൽ നിന്നും നേടിയെടുത്ത അറിവിലൂടെയാണ് കൃഷിയിലേക്ക് ഇറങ്ങിതിരിച്ചതെന്നും ശ്രാവന്തിക പറഞ്ഞു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ജീവിച്ച സമയത്ത് കടന്നുവന്നതാണ് സർക്കാരിന്റെ പുരസ്കാരമെന്ന് അവർ പറയുന്നു.

അവനിൽ നിന്ന് അവളിലേക്ക്
പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴയിലായിരുന്നു. തുടർന്ന് ആയൂർവേദ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അവിടെ വച്ചാണ് സ്വന്തം സ്വത്വം എന്താണെന്ന് മനസിലാക്കിയത്. അച്ഛനും അമ്മയും സഹോദരിയും അപ്പൂപ്പനും അടങ്ങിയ കാർഷിക കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ അവസ്ഥ വീട്ടിലുളളവരോട് പറഞ്ഞപ്പോൾ അവർക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിച്ചില്ല. ഒളിച്ചോടി പോകാൻ പലതവണ ആലോചിച്ചു. എന്നെപ്പോലുളളവർ ഒരു കാലത്ത് അങ്ങനെയാണ് ചിന്തിച്ചിരുന്നത്. അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്ന് ഞാൻ മനസിലാക്കി. സ്വന്തം സ്വത്വത്തിൽ നാട്ടിൽ ആത്മാഭിമാനത്തോടെ ജീവിക്കണമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. കുടുംബത്തെ അന്നും ഇന്നും ചേർത്തുനിർത്തിയാണ് ഞാൻ ജീവിക്കുന്നത്. പങ്കാളിയായ അരുണിന്റെ പിന്തുണ ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്.

വെല്ലുവിളികൾ
നാല് വർഷങ്ങൾക്ക് മുൻപാണ് പങ്കാളിക്ക് വലിയൊരു അപകടം സംഭവിച്ചത്. അദ്ദേഹം എഞ്ചിനീയറായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി. ചെരുപ്പ് പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഒടുവിൽ അച്ഛനും അപ്പൂപ്പനും സഞ്ചരിച്ച വഴിയേ ഞാനും പോകുകയായിരുന്നു. മാർത്തോമ സഭയുടെയും മാത്യു ഫിലിപ്പ് അച്ഛന്റെയും സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്. ആദ്യം കപ്പത്തോട്ടമാണ് ആരംഭിച്ചത്. അതുപിന്നെ ആട്,താറാവ്,കോഴി, പശുവളർത്തലിലേക്കും മീൻ കൃഷിയിലേക്കും തിരിഞ്ഞു.

സങ്കടം മാത്രം
ശരീരവും ആരോഗ്യവും നോക്കാതെ മുഴുവൻ സമയവും പാടത്തും പറമ്പിലും ചെലവഴിച്ചു. സാധാരണ ജീവിതത്തിലേക്കെത്താൻ ഒരുപാട് സമയമെടുത്തു. ഭർത്താവിന്റെ ആരോഗ്യം മെച്ചപ്പെടാനും സമയമെടുത്തു. ഒരുപാട് അവഗണനകൾ നേരിട്ടു. അതിലൊന്നിലും തളർന്നില്ല. എന്റെ കൃഷി ആദ്യമായി സമൂഹത്തിലെത്തിച്ചത് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിയായിരുന്നു. അവരുടെ സോഷ്യൽമീഡിയ പേജിൽ എന്റെ കപ്പത്തോട്ടത്തിന്റെയും കൃഷിയുടെയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതിന് യാതൊരു അംഗീകാരവും ലഭിച്ചില്ല.
ഞങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് പഞ്ചായത്തിൽ നിന്നോ കമ്യൂണിറ്റിയിൽ നിന്നോ ഒരു പുരസ്കാരവും ലഭിച്ചില്ല. അതിനിടയിൽ ഞാൻ ഫിഷറീസ് വകുപ്പിനായി മീൻ വളർത്തലും ആരംഭിച്ചു. കർഷകർക്കായി ഫിഷറീസ് വകുപ്പ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചിട്ട് പോലും എനിക്കൊരു ആദരവ് പോലും ലഭിച്ചില്ല. അന്ന് ദൈവം അതെല്ലാം തട്ടിയെറിഞ്ഞത് ഇങ്ങനെയൊരു വലിയ പുരസ്കാരത്തിനായിരുന്നു. ഇപ്പോൾ പലയിടങ്ങളിൽ നിന്നും എനിക്ക് ആദരവ് ലഭിക്കുന്നുണ്ട്.
സീമ വിനീതുമായുളള ബന്ധം
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് എന്റെ ചേച്ചിയാണ്. അവരുടെ തിരുവനന്തപുരത്തേ വീട്ടിൽ ഞാൻ പോകുമ്പോൾ എന്റെ കൃഷിയിൽ നിന്നും വിളയിച്ചെടുത്ത ഉൽപ്പന്നങ്ങൾ കൊണ്ടുപോകാറുണ്ട്. ഒരിക്കൽ സീമ ചേച്ചി തന്നെ ഞാൻ കൊണ്ടുവന്ന സാധനങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ കാണിച്ചു. അതോടെ അഭിനന്ദനവുമായി നിരവധി പേർ എത്തുകയായിരുന്നു. ചേച്ചിയുടെ ആ തീരുമാനമാണ് എനിക്കൊരുപാട് ആംഗീകാരങ്ങൾ നേടി തന്നത്. കഴിഞ്ഞ11 വർഷമായി ഞങ്ങൾ സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നത്. എന്റെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഞാൻ സീമ ചേച്ചിയുമായി പങ്കുവയ്ക്കാറുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്.
അടുത്ത ലക്ഷ്യം
ഇപ്പോഴെനിക്ക് സംസ്ഥാന തലത്തിലാണ് പുരസ്കാരം ലഭിച്ചത്. ഇനി ദേശീയ തലത്തിൽ പുരസ്കാരം നേടാനുളള പരിശ്രമത്തിലാണ്. നന്നായി അധ്വാനിക്കുന്നുണ്ട്. ഇതിലൂടെ എന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിയുമെന്ന് വിശ്വാസമുണ്ട്.
വരുമാനം
കൃഷി ആരംഭിച്ച് ആദ്യ രണ്ട് വർഷത്തിൽ മെച്ചപ്പെട്ട വരുമാനമൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് നല്ല വരുമാനം ലഭിച്ച് തുടങ്ങിയത്. സമ്മിശ്രകൃഷിയാണ് ചെയ്യുന്നത്. പശു, കോഴി, താറാവ് എന്നിവയിൽ നിന്നും സ്ഥിരവരുമാനം ലഭിക്കുന്നുണ്ട്.