girl

കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നയാളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ പാട്ടുപാടുന്നതിന്റെയും ഡാൻസ് കഴിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ മന്ത്രി പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.


ജി കെ എം യു പി എസ്, എരൂർ തൃപ്പൂണിത്തുറയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അനനയുടെ വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. 'തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന അനനയാണ് വീഡിയോയിലുള്ളത്. പ്രോത്സാഹിപ്പിച്ചും കൂടെ ചുവടുവച്ചും സഹപാഠികളും പെൺകുട്ടിയ്‌ക്കൊപ്പം ചേർന്നു.

"നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അനയയെ തോൽപ്പിക്കാൻ ഇനി ആരുണ്ട്..!!!" എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമൻറ് ചെയ്തിട്ടുണ്ട്. വീഡിയോ ഷെയർ ചെയ്ത മന്ത്രിയേയും അഭിനന്ദിക്കുന്നവരുണ്ട്.

'രണ്ടാം ക്ലാസുകാരി കളിച്ചു വിദ്യാഭ്യാസമന്ത്രി ഇത് ഷെയർ ചെയ്യുമ്പോൾ ആണ് ഇതിന്റെ പ്രസക്തി', 'ഇങ്ങനെയൊരു മന്ത്രിമാമൻ! കൂട്ടുകാരുടെ കലയും, കുസൃതിയും, വികൃതിയുമെല്ലാം ഒരു കുഞ്ഞു മനസ്സിന്റെ കൗതുകത്തോടെ പങ്കുവെയ്ക്കാൻ അങ്ങ് കാണിക്കുന്ന മനസ് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കുട്ടികൾക്കിടയിൽ അങ്ങും താരമാണ്. മുന്നോട്ട്', 'ഒരു രസത്തിന് എൻജോയ്‌മെന്റിനു വേണ്ടി കളിച്ചതാണെങ്കിലും വളരെ ആത്മാർത്ഥതയോടെ ആ ഡാൻസ് കളിച്ചു വളരെ മനോഹരമായി നിർത്തി. ചുവടുകൾ സൂപ്പർ', 'അനയ രസകരമായ ചുവടുകളിലൂടെ എല്ലാപേരെയും കയ്യിലെടുത്തു. അതൊരു ചെറിയ കാര്യമല്ല.'- എന്നൊക്കെയാണ് കമന്റുകൾ.