ksrtc

കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കെ .എസ്.ആർ.ടി.സി ബസിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ രാത്രിയിൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. താമരശ്ശേരി കെടവൂർ വാഴക്കാലയിൽ അനാമിക പി.വി (19)യാണ് സ്കാനിയ ബസ് ജീവനക്കാരനെതിരെ രംഗത്തെത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ കെ.എസ്.ആർ.ടി സി ബസ് ജീവനക്കാരനെതിരെ ഗതാഗത വകുപ്പ് നടപടിയെടുത്തു. സംഭവത്തിൽ മന്ത്രി കെ.ബി ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി വിജിലൻസ് ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ബംഗളുരുവിൽ നിന്ന് താമരശ്ശേരിയിലേക്കുള്ള യാത്രയിൽ പെൺകുട്ടി താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും ബസ് നിറുത്താതെ അര കിലോമീറ്റർ അകലെയുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിറുത്തുകയായിരുന്നു. സാധാരണ പഴയ ബസ് സ്റ്റാൻഡിലാണ് പെൺകുട്ടി ഇറങ്ങാറുള്ളതെന്നും ബസ് ഡ്രെെവർ‌ ഇവിടെ സ്റ്റോപ്പില്ലെന്നും പറഞ്ഞ് ഡിപ്പോയ്ക്ക് സമീപം നിറുത്തുകയായിരുന്നെന്ന് അനാമിക പറഞ്ഞു.

ബാംഗ്ലൂരിൽ നിന്നുള്ള കെ.എസ്ആർ.ടി.സി സ്കാനിയ ബസ് താമരശ്ശേരിയിലെത്തുന്ന സാധാരണ സമയം രാത്രി 8:30 ആണ് . എന്നാൽ ശനിയാഴ്ച ബസ് എത്തിയത് രാത്രി 10 മണിക്കാണ്. പഴയ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന പെൺകുട്ടിയുടെ പിതാവ് പിന്നീട് ഡിപ്പോയിലെത്തി പെൺകുട്ടിയെ കൂട്ടുകയായിരുന്നു. ബംഗളൂരുവിൽ രണ്ടാം വർഷ ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിനിയാണ് അനാമിക.