
ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന ദിനമാണ് ഇന്ന്. സർക്കാരിന്റെ പുതിയ ആനുകൂല്യ പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും കണ്ടില്ല. അത്തരം പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ യാഥാർത്ഥ്യമാകുന്നത് വിരളമായതിനാൽ അതൊന്നും ഇപ്പോൾ ആരും ശ്രദ്ധിക്കാറുമില്ല. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയിലധികമായി, നമ്മുടെ മാദ്ധ്യമങ്ങളിൽ ഭിന്നശേഷി താത്പര്യങ്ങൾക്ക് ഹിതകരമല്ലാത്തൊരു വാർത്ത ചർച്ചയായികൊണ്ടിരിക്കുകയാണ്. ചില സർക്കാർ ഉദ്യോഗസ്ഥർ കുറച്ചുകാലമായി ഭിന്നശേഷി പെൻഷൻ അനർഹമായി കൈപ്പറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് ആ വാർത്ത!
അർഹരായവർക്ക് ക്ഷേമ പെൻഷൻ നൽകുന്നതിനും മറ്റുമായി സംസ്ഥാന സർക്കാർ കോടികൾ കടമെടുക്കുന്നതും ഇടയ്ക്കിടെ വാർത്തയാകാറുണ്ട്! അതിനാൽ, സർക്കാർ ഉദ്യോഗസ്ഥരും ആഡംബര കാറുള്ളവരും മാളികപോലുള്ള വീടുള്ളവരും ഭിന്നശേഷി പെൻഷൻ കൈപ്പറ്റിയെന്ന് കേട്ടപ്പോഴുണ്ടായ അന്ധാളിപ്പ് ഇപ്പോൾ തോന്നുന്നില്ല, കാരണം, അവരുടെ പേരുവിവരം പോലും വെളിപ്പെടുത്താതെ, അവരെയെല്ലാം സർക്കാരിൽ നിന്ന് വായ്പയെടുത്തവരെപ്പോലെ കണക്കാക്കാൻ പോകുന്നതായാണ് അറിയാൻ കഴിഞ്ഞത്.
അതുകൊണ്ടായിരിക്കണമല്ലോ, സർക്കാരിനെ കബളിപ്പിച്ച് കളവായും കൃത്രിമമായും ഭിന്നശേഷി പെൻഷനായി അത്തരം സർക്കാർ ഉദ്യോഗസ്ഥർ കൈപ്പറ്റിയ തുക പലിശ സഹിതം പിടിക്കുമെന്ന 'അതിഗംഭീര തീരുമാനം" സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്! യഥാർത്ഥത്തിൽ ഇത്രയും വലിയ ക്രിമിനൽ കുറ്റം ഇപ്രകാരമാണോ കൈകാര്യം ചെയ്യേണ്ടത്? 2016-ലെ ഭിന്നശേഷി അവകാശ നിയമത്തിലെ വകുപ്പ്- 24 പ്രകാരമാണ് ഭിന്നശേഷി പെൻഷൻ ഒരു ഭിന്നശേഷി അവകാശമാകുന്നത്. അതേസമയം, അത് സാമ്പത്തിക മാനദണ്ഡങ്ങൾക്ക് വിധേയവുമാണ്. അപ്പോൾ, പെൻഷൻ ലഭിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
ഇന്ന്, പ്രതിവർഷം ഒരു ലക്ഷം രൂപ വരുമാനമില്ലാത്ത ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനുണ്ടോ എന്നു മാത്രം ചിന്തിച്ചാൽ മതി, ഈ ആനുകൂല്യം അനർഹർക്കു ലഭിക്കാൻ നമ്മുടെ വില്ലേജ് ഓഫീസർമാരുടെ പെടാപ്പാടുകൾ മനസിലാക്കാൻ! എന്തായാലും മോക്ഷം കിട്ടാനായി ആരെങ്കിലും അത്ര വലിയ'റിസ്‌ക്" എടുക്കുമോ? ഭിന്നശേഷി പെൻഷൻ ഉൾപ്പെടെ കേരളത്തിലെ എല്ലാ ക്ഷേമ (സേവന) പെൻഷനുകളുടെയും ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡി.ബി.റ്റി സെല്ലിനാണ്. ഓരോ തദ്ദേശ സ്ഥാപനവും അവരുടെ നിലയിൽ വാർഡ് തലത്തിൽ പ്രത്യേക അന്വേഷണം നടത്തി, അതത് കൗൺസിലറുടെ അഥവാ മെമ്പറുടെ അറിവോടു കൂടിയാണ് പെൻഷൻ അനുവദിക്കുന്നത്.
പെൻഷൻ കൈപ്പറ്റുന്ന ഓരോരുത്തരെയും വ്യക്തിപരമായി മനസിലാക്കിയാണ് തദ്ദേശ അധികൃതർ ആനുകൂല്യം അനുവദിച്ചതെന്ന് അർത്ഥം. അപ്പോൾ, ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്കും തദ്ദേശ അധികൃതർക്കും ഈ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുമോ? ഇതിനു പുറമേ ക്ഷേമ പെൻഷൻകാർക്ക് വാർഷിക മസ്റ്ററിംഗ് ഉണ്ടല്ലോ. ഇങ്ങനെയാണെങ്കിൽ അതിന്റെ ആവശ്യമെന്താണ്? നിയമപരമായും ധാർമ്മികമായും അങ്ങേയറ്റം നീചമായ ഒരു വലിയ അഴിമതിയെ തേച്ചുമാച്ചു കളയാൻ ആരൊക്കെയോ വെമ്പൽ കൊള്ളുന്നതുപോലെയാണ് അനുഭവപ്പെടുന്നത്.
നിശ്ചിത ഭിന്നശേഷിയില്ലാത്ത എത്ര പേർ (അനർഹർ) പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്നതിന്റെ കണക്കു വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അതിനാൽ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിൽ സർക്കാരിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ, അടിയന്തരമായി ഈ അഴിമതി അന്വേഷിച്ച് ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെ കർശന നിയമ നടപടികൾ കൈക്കൊള്ളുന്നതിന് ഉത്തരവിടുകയാണ് വേണ്ടത്. അതായിരിക്കണം ഭിന്നശേഷിക്കാർക്ക് ഈ വർഷം സർക്കാർ നല്കുന്ന സമ്മാനം.
'ആശ്വാസകിരണം" പദ്ധതി പ്രകാരം 600 രൂപ പ്രതിമാസം കിടപ്പുരോഗികളുടെ കെയർടേക്കർമാർക്കു നൽകുന്നത് മുടങ്ങിയിട്ട് രണ്ടു വർഷത്തോളമാകുന്നു. കേരള സാമൂഹിക സുരക്ഷാ മിഷൻ വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. അവിടെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് നാലുമാസമായി. സാമൂഹിക നീതിവകുപ്പ് കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി തകർന്ന അവസ്ഥ! അതിനിടയിലാണ് അനർഹരുടെ പെൻഷൻ വിശേഷം!
(സംസ്ഥാന മുൻ ഭിന്നശേഷി കമ്മിഷണർ ആയ ലേഖകൻ ഇപ്പോൾ സംസ്ഥാന വൈദ്യുതി ബോർഡ് പ്രിൻസിപ്പൽ കൺസൾട്ടന്റ് (ലാ) ആണ്)