plan

മാസംതോറും ലഭിക്കുന്ന വരുമാനത്തിൽ നിന്ന് വീണ്ടും ലാഭം നേടിയാലോ? അതിനായി മിക്കവരും നിരവധി നിക്ഷേപപദ്ധതികളുടെ ഭാഗമാകാറുണ്ട്. പക്ഷെ ഏത് നിക്ഷേപപദ്ധതിയിൽ ചേരുമ്പോഴാണ് മികച്ച ലാഭം കിട്ടുകയെന്നത് പലരിലും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. അങ്ങനെയുളളവർക്ക് യാതൊരു സംശയവും കൂടാതെ ചേരാൻ കഴിയുന്ന നിരവധി നിക്ഷേപപദ്ധതികൾ തപാൽ വകുപ്പിന്റെ കീഴിലുണ്ട്. അത്തരത്തിൽ ഒരു പദ്ധതിയെക്കുറിച്ചറിയാം.

'പോസ്​റ്റ് ഓഫീസ് ടൈം ഡെപ്പോസി​റ്റ് സ്കീം' എന്നാണ് പദ്ധതിയുടെ പേര്. നിക്ഷേപങ്ങൾക്ക് 100 ശതമാനം സുരക്ഷയൊരുക്കുന്ന പദ്ധതിയാണിത്. ഇതിൽ ചേരാൻ പ്രായ പരിധി ഒരു പ്രശ്നമേയല്ല. കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായത്തോടെയും മുതിർന്നവർക്കും പ്രായമേറിയവർക്കും പദ്ധതിയിൽ പങ്കാളികളാകാം. ആദായനികുതി വകുപ്പിന്റെ ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലൂടെ ലഭ്യമാകും.


കാലാവധി
അഞ്ച് വർഷം വരെയാണ് പോസ്​റ്റ് ഓഫീസ് ടൈം ഡെപ്പോസി​റ്റിന്റെ കാലാവധി. പലിശ കണക്കാക്കുന്നത് ത്രൈമാസ (മൂന്ന് മാസത്തിലൊരിക്കൽ) കോമ്പൗണ്ടിംഗിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ ലഭിക്കുന്ന പലിശ വർഷാവസാനത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും. പദ്ധതിയിൽ ചേരുമ്പോൾ എത്ര പലിശയാണോ വാഗ്ദാനം ചെയ്യുന്നത് അത് കാലാവധി പൂർത്തിയാകുന്നതുവരെ മാ​റ്റമില്ലാതെ ലഭിക്കും. നിക്ഷേപത്തിനനുസരിച്ചാണ് പലിശ നിശ്ചയിക്കപ്പെടുന്നത്.


പലിശ നിരക്ക്
നിലവിൽ പദ്ധതിക്ക് 7.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിൽ വരെ ഏഴ് ശതമാനമായിരുന്നു പലിശ നിരക്ക്. ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിൽ പണം നിക്ഷേപിക്കാം. ഓരോ വർഷത്തെ നിക്ഷേപങ്ങൾക്കും വ്യത്യസ്ത പലിശ നിരക്കാണ് ലഭിക്കുന്നത്. ഒരു വർഷത്തെ നിക്ഷേപത്തിന് 6.9ശതമാനവും രണ്ടോ മൂന്നോ വർഷത്തിന് ഏഴ് ശതമാനവും അഞ്ച് വർഷത്തേക്ക് 7.5 ശതമാനം പലിശയും ലഭിക്കുന്നു.


അഞ്ച് ലക്ഷം നിക്ഷേപിച്ചാൽ?
പോസ്​റ്റ് ഓഫീസ് ടൈം ഡെപ്പോസി​റ്റിൽ നിങ്ങൾ അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ എത്ര രൂപ വരുമാനം ലഭിക്കുമെന്ന് നോക്കാം? അഞ്ച് വർഷത്തെ കാലാവധിയിലാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ 7.5 ശതമാനം പലിശ നിരക്കിലാണ് കണക്കാക്കുന്നത്. അത്തരത്തിൽ പലിശയിനത്തിൽ മാത്രം 2,24,972 ലക്ഷം രൂപ കിട്ടും. അങ്ങനെ കാലാവധി അവസാനിക്കുമ്പോൾ നിങ്ങൾക്ക് 7,24,974 രൂപ ആകെ ലഭിക്കും. അതായത് പലിശയിനത്തിൽ മാത്രം ലക്ഷങ്ങൾ സമ്പാദിക്കാൻ ഈ പദ്ധതി നിങ്ങളെ സഹായിക്കും.