car

കൊച്ചി: റോൾസ് റോയ്‌സ് ചരിത്രത്തിലെ ഏറ്റവും മികവാർന്ന സൂപ്പർ ലക്ഷ്വറി സീരീസായ കള്ളിനൻ സീരീസ് രണ്ട് വിപണിയിലെത്തുന്നതിന് മുന്നോടിയായി കൊച്ചിയിൽ പ്രദർശിപ്പിച്ചു. 2018ൽ അവതരിപ്പിച്ച കള്ളിനൻ പരമ്പരയുടെ പുതിയ പതിപ്പാണിത്. ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങൾ വരുത്തിയും മികച്ച വ്യക്തിഗത അവസരങ്ങളുമായാണ് സീരീസ് രണ്ട് എത്തുന്നത്. മുൻഭാഗത്ത് വലിയ മാറ്റങ്ങളുണ്ടാകും.


ലൈറ്റുള്ള സിഗ്‌നേച്ചർ ഗ്രില്ലുകൾ, ഉയർന്ന ഹെഡ് ലൈറ്റുകൾ, ബംപറിൽ നിന്ന് താഴേക്കിറങ്ങുന്ന നീളൻ എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് തുടങ്ങി മനം കവരുന്ന മുഖം മിനുക്കൽ പുതിയ കള്ളിനന്റെ മുൻഭാഗത്ത് കാണാം. 23 ഇഞ്ച് അലോയ് വീലുകളാണുള്ളത്.


പുതിയ ഫീച്ചർലൈൻ വശങ്ങളിൽ നൽകിയിട്ടുണ്ട്. എൽ.ഇ.ഡി ലൈറ്റുകളും സ്റ്റെയിൻലെസ് സ്റ്റീൽ സ്‌കിഡ് പ്ലേറ്റുകളുമുൾപ്പടെ പിന്നിലെ ബംപറുകളിൽ കാണുന്ന മാറ്റവും പ്രൗഡമാണ്. ഇന്റീരിയറിലെ ആഡംബരം വിസ്‌മയകരമാണ്. ഡാഷ്‌ബോർഡിന് ഇല്ലുമിനേറ്റഡ് ഗ്ലാസ് പാനലാണുള്ളത്.


അനലോഗ് ക്ലോക്കും റോൾസ് റോയ്‌സ് സ്പിരിറ്റ് ഒഫ് എക്സ്റ്റസി ഭാഗ്യചിഹ്നവും അടങ്ങിയ ഡാഷ്‌ബോർഡ് ക്യാബിനറ്റ് സുന്ദരമായ ദൃശ്യാനുഭവമാണ്. രണ്ട് സ്‌ക്രീനുകളും ഡാഷ്‌ബോർഡിലുണ്ട്. സ്പിരിറ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമാണിത്.

റോൾസ് റോയ്‌സിന്റെ പുതിയ വിസ്പർ ആപ്പും ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ ഉപയോഗിക്കാനാവും. ഫോണിലൂടെ കാർ ലോക്ക് ചെയ്യാനും ലൊക്കേഷൻ കണ്ടെത്താനും ഡെസ്റ്റിനേഷൻ സെറ്റ് ചെയ്യാനും സാധിക്കുന്നതാണ് വിസ്പർ ആപ്പ്. അപ്‌ഹോളിസ്റ്ററി നിറങ്ങൾക്കിണങ്ങുന്ന ആന്തരിക ഉപകരണങ്ങൾ തിരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്.

എൻജിനിലോ പ്രധാന ഭാഗങ്ങളിലോ മാറ്റങ്ങളില്ല. 6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി 12 എൻജിനാണ് കരുത്തേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 600 ബി.എച്ച്.പി പവറും പരമാവധി 900 എൻ.എം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്.

വില

10.5 കോടി രൂപ മുതൽ 12.25 കോടി രൂപ വരെ