
നവലിബറൽ നയങ്ങൾ കോർപ്പറേറ്റുകളുടെ താത്പര്യങ്ങൾക്കും ലാഭേച്ഛയ്ക്കും വേണ്ടിയുള്ളതാണെന്നും അത് സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ക്ളേശകരമാക്കുമെന്നുമാണ് സി.പി.എം അടിയുറച്ച് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം. മൂലധന ശക്തികളുടെയും മുതലാളിത്ത വർഗത്തിന്റെയും ലാഭം നിലനിറുത്തുകയാണ് നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിലൂടെ സംഭവിക്കുന്നതെന്നാണ് പാർട്ടി നിലപാട്. അഴിമതിയും ആഡംബര ജീവിതവും കൊള്ളയും ലൈംഗികാരോപണങ്ങളുമൊക്കെ നവലിബറൽ നയങ്ങളുടെ ഭാഗമായുള്ള ഉപോൽപ്പന്നങ്ങളെന്ന് പറയാം. എന്നാൽ സി.പി.എമ്മിനെതിരെ പാർട്ടി സഖാക്കളിൽ നിന്നു തന്നെ വ്യാപകമായി ഉയരുന്ന ആരോപണം ഒരുവിഭാഗം നേതാക്കളുടെ ആഡംബര ജീവിതവും അഴിമതിയും കൊള്ളയും ലൈംഗികാരോപണങ്ങളുമാണെന്നത് വിരോധാഭാസമായി തോന്നാം. നവലിബറൽ നയങ്ങൾക്കും മൂലധനശക്തികൾക്കും എതിരെ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കൾക്കെതിരെ തന്നെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നെഞ്ചോട് ചേർത്ത് പിടിക്കുന്ന നേതാക്കളും പാർട്ടി അണികളും ഈ ആരോപണം പരസ്യമായി ഉന്നയിക്കുകയും തെരുവോരത്തെ പരസ്യ പ്രകടനമായി അത് മാറുകയും ചെയ്യുന്നത് കാലത്തിന്റെ കാവ്യനീതിയാകാം.
മാർച്ചിൽ കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിനും ഏപ്രിലിൽ നടക്കേണ്ട പാർട്ടി കോൺഗ്രസിനും മുന്നോടിയായുള്ള ഏരിയസമ്മേളനങ്ങൾ പുരോഗമിക്കവെ പാർട്ടി പ്രാദേശിക ഘടകങ്ങളിലുണ്ടായ പരസ്യമായ വിഭാഗീയതയും ഏറ്റുമുട്ടലും വിവിധ ജില്ലകളിലേക്ക് വ്യാപിച്ചതോടെ സി.പി.എം ആകെ പ്രതിരോധത്തിലായി. ഏരിയ സമ്മേളനങ്ങൾ നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ പാർട്ടിയിലെ ചേരിപ്പോര് രൂക്ഷമായി പരസ്യ പ്രതിഷേധത്തിലേക്കെത്തിയത്. ഇരുമ്പ് ചട്ടക്കൂടിനുള്ളിലെന്ന പോലെ നടക്കുന്ന ഭിന്നതകൾ മറ്റു രാഷ്ട്രീയ കക്ഷികളിലേതു പോലെ ഒരിയ്ക്കലും മറനീക്കി പുറത്തുവരാത്ത സി.പി.എമ്മിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ പാർട്ടി അണികളിലും നേതൃതലത്തിലും നിലനിൽക്കുന്ന കടുത്ത അസംതൃപ്തിയും ചേരിപ്പോരും ഭരണവിരുദ്ധ വികാരവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയൊരു വിഭാഗം നേതാക്കളിലും അണികളിലും വർദ്ധിച്ചു വരുന്ന അഴിമതി, ആർഭാടജീവിതം, ധാർഷ്ട്യം, മതതീവ്രവാദ സംഘടനകളുമായുള്ള ചങ്ങാത്തം, പരസ്ത്രീബന്ധം തുടങ്ങിയ കാര്യങ്ങളിലൊക്കെയുള്ള പ്രതിഷേധമാണ് സമ്മേളനത്തിനിടെ അണപൊട്ടിയൊഴുകിയത്. കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിനിടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, മുൻ എം.പി കൂടിയായ കെ.സോമപ്രസാദ് എന്നിവരെ ഒരുവിഭാഗം സമ്മേളന ഹാളിൽ മണിക്കൂറുകളോളം പൂട്ടിയിട്ട സംഭവം സി.പി.എമ്മിൽ കേട്ടുകേൾവിയില്ലാത്തതാണ്. പിന്നീട് പുറത്തിറങ്ങി പോകാൻ ശ്രമിച്ച ഇവരുടെ കാർ തടയുകയും മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ പി.ആർ വസന്തന്റെ കാറിന്റെ ചില്ല് തകർത്തു. മത്സരം മൂലം നിറുത്തിവച്ച കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം വീണ്ടും നടത്തിയപ്പോഴും മത്സരം വിലക്കിയതാണ് പൊട്ടിത്തെറിക്കും സമ്മേളനം നിയന്ത്രിക്കാനെത്തിയ നേതാക്കളെ പൂട്ടിയിടുന്നതിലും കലാശിച്ചത്.
പിറ്റേദിവസം പാർട്ടി സംസ്ഥാന നേതൃത്വത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എൽ.സി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം 50 ഓളം പേർ പ്രതിഷേധ മാർച്ച് നടത്തി. സേവ് സി.പി.എം എന്നെഴുതിയ പ്ളക്കാർഡുകളുമേന്തി മുദ്രാവാക്യങ്ങൾ മുഴക്കി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വനിതകളടക്കമുള്ളവരെ പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. സംഭവത്തെ തുടർന്ന് പാർട്ടി സംസ്ഥാന നേതൃത്വം കൊല്ലത്തേക്ക് പാഞ്ഞെത്തി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾക്ക് ശേഷം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അഡ്ഹോക് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് അവിടത്തെ പാർട്ടിയെ നയിക്കാൻ കഴിയുന്നില്ലെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് പിരിച്ചുവിട്ടതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിലെ തെറ്റായ പ്രവണതകൾ വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പരസ്യവിചാരണ മുദ്രാവാക്യങ്ങളിലൂടെ
പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് നടത്തിയ പ്രതിഷേധത്തിൽ കരുനാഗപ്പള്ളിയിലെ നേതാക്കളെ മുദ്രാവാക്യങ്ങളിലൂടെയാണ് സ്ത്രീകളടക്കം തൊലിയുരിച്ചത്. 'ഗോവിന്ദച്ചാമിക്ക് പകരം അമീറുൽ ഇസ്ലാം', 'അഴിമതി ഭരണം കരുനാഗപ്പള്ളിയിൽ വേണ്ട', 'കാപ്പ കേസ് പ്രതിയായ ഗുണ്ട തലവനുമായി ജില്ലാ കമ്മിറ്റി അംഗത്തിന് എന്ത് ബന്ധം', കൊള്ളക്കാരിൽ നിന്നും അഴിമതിക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ളക്കാർഡുമേന്തിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. 10 ലോക്കൽ കമ്മിറ്റികളുള്ള കരുനാഗപ്പള്ളിയിൽ ഏഴിടത്തും ലോക്കൽ സമ്മേളനങ്ങൾ മത്സരത്തെ തുടർന്ന് നിറുത്തിവച്ചിരുന്നു. ഇവ സമവായത്തിലൂടെ പൂർത്തിയാക്കാനാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെയും ചുമതലപ്പെടുത്തിയത്. കുലശേഖരപുരം നോർത്തിലേതാണ് പൊട്ടിത്തെറിയിലും ബഹളത്തിലും കലാശിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയെയും പി.ആർ വസന്തനെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് തെരുവിലേക്ക് നീണ്ടത്. കൊല്ലത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കരുനാഗപ്പള്ളിയിൽ 2002 ലുണ്ടായ സമാന സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. അന്ന് പാർട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കി ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ കൂട്ടത്തോടെ പാർട്ടി വിട്ട് വി.ബി ചെറിയാന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയിൽ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കാനാകാത്ത സാഹചര്യം ഉണ്ടായതിൽ ജില്ലാ നേതൃത്വവും പ്രതിക്കൂട്ടിലാണ്. ഒരു മാസം മുമ്പ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരിട്ടെത്തി താക്കീത് നൽകിയിട്ടും തർക്കവും കയ്യാങ്കളിയും തുടരുന്നത് സംസ്ഥാന നേതൃത്വത്തിനും തലവേദനയായി.
നടപടി പിന്നീട്
കരുനാഗപ്പള്ളിയിൽ വിഭാഗീയതയ്ക്കും പരസ്യമായ പ്രതിഷേധത്തിനും നേതൃത്വം നൽകിയ മുതിർന്ന നേതാക്കളടക്കമുള്ളവർക്കെതിരെ സംസ്ഥാന സമ്മേളനത്തിനു ശേഷം കടുത്ത അച്ചടക്ക നടപടി എടുക്കാനാണ് തീരുമാനം. പ്രകടനം നടത്തിയവർ, ചാനലുകളോട് പരസ്യപ്രതികരണം നടത്തിയവർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന ഹാളിൽ പൂട്ടിയിടാൻ നേതൃത്വം നൽകിയവർ തുടങ്ങിയവരുടെ വിവരങ്ങൾ പാർട്ടി ശേഖരിച്ചിട്ടുണ്ട്. തങ്ങൾ പാർട്ടിയെ നെഞ്ചിലേറ്റിയവരാണെന്നും രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും ആവേശത്തോടെ പ്രതികരിച്ച വനിതകളടക്കമുള്ള പ്രവർത്തകർ എന്ത് നടപടിയും നേരിടാൻ തയ്യാറാണെന്നാണ് പറഞ്ഞത്. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചതോടെ സംസ്ഥാന സമ്മേളനത്തിൽ കരുനാഗപ്പള്ളി ഏരിയയിൽ നിന്ന് സമ്മേളന പ്രതിനിധികൾ ഉണ്ടാകില്ലെന്നുറപ്പായി. ഇതും പാർട്ടിയിൽ അസാധാരണമായ സാഹചര്യമാണ്. ഏരിയ കമ്മിറ്റി പിരിച്ചു വിട്ട് പകരം നിയമിച്ച ഏഴംഗ അഡ്ഹോക് കമ്മിറ്റി ചുമതലയേൽക്കാൻ എത്തിയപ്പോഴും സ്വീകരിക്കാൻ ചുരുക്കം പേരേ ഉണ്ടായിരുന്നുള്ളു. പിരിച്ചുവിട്ട ഏരിയ കമ്മിറ്റിയെ അനുകൂലിക്കുന്ന 7 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരോ പഴയ ഏരിയ കമ്മിറ്റി അംഗങ്ങളോ എത്തിയിരുന്നില്ല.
ചേരിപ്പോര് മറ്റിടങ്ങളിലേക്കും
പാർട്ടിയിൽ തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൊല്ലത്ത് പ്രതികരിച്ചതിനു പിന്നാലെ മറ്റു പലയിടത്തും പ്രാദേശിക ഘടകങ്ങളിൽ ചേരിപ്പോര് പരസ്യമായത് പാർട്ടിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. തിരുവനന്തപുരം മംഗലപുരം ഏരിയ കമ്മിറ്റിയോഗത്തിൽ നിന്ന് നിലവിലെ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോകുകയും പാർട്ടി വിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. കായംകുളത്തെ യുവനേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി.സാബു സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതും കഴിഞ്ഞ ദിവസമാണ്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരനെ ആലപ്പുഴ ജില്ലയിലെ ഏരിയ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പൊതുസമ്മേളനങ്ങളിൽ ഒരിടത്തും ക്ഷണിക്കാത്തതും ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവും എം.പിയുമായ കെ.സി വേണുഗോപാലിന്റെ സന്ദർശനവും ജി.സുധാകരനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയും കേരള രാഷ്ട്രീയം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ അസാധാരണമായ പല കൂടു മാറ്രങ്ങൾക്കും കേരളരാഷ്ട്രീയം വേദിയായാലും അത്ഭുതപ്പെടേണ്ടതില്ല.